കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനിലെ കെട്ടിട നമ്പര്‍ ക്രമക്കേടില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കെന്ന് കണ്ടെത്തല്‍. അനധികൃതമായി നമ്പര്‍ കരസ്ഥമാക്കിയ മൂന്ന് കെട്ടിട ഉടമകള്‍, ഇടനിലക്കാര്‍, കോര്‍പ്പറേഷന്‍ ജീവനക്കാര്‍ എന്നിവരുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് സൂചന. വിദേശത്തേക്ക് കടന്ന ഉടമകള്‍ക്കായി അടുത്തയാഴ്ച ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കും.
കെട്ടിട നമ്പര്‍ ക്രമക്കേടില്‍ കോഴിക്കോട് കോര്‍പ്പറേഷനിലെ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന തെളിവുകളാണ് അന്വേഷണ സംഘത്തിന് കിട്ടിയിരിക്കുന്നത്. ക്രമവിരുദ്ധമായി നമ്പര്‍ നേടിയ മൂന്ന് കെട്ടിടങ്ങളുടെ വിശദാംശങ്ങള്‍ ശേഖരിച്ചതില്‍ നിന്നാണ് ഇടനിലക്കാര്‍, കോര്‍പ്പറേഷനിലെ ജീവനക്കാര്‍ എന്നിവരിലേക്ക് അന്വേഷണമെത്തിയത്.
കോര്‍പ്പറേഷന്‍ കൈമാറിയ പട്ടികയില്‍ നിന്ന് 14 കെട്ടിട നമ്പറുകള്‍ ക്രമവിരുദ്ധമെന്ന് കണ്ടത്തിയിരുന്നു. നേരത്തെ ക്രമക്കേടിന് കൂട്ടുനിന്നതിന്‍റെ പേരില്‍ കോര്‍പ്പറേഷനിലെ രണ്ട് ക്ലര്‍ക്കുമാര്‍, ഒരു മുന്‍ ജീവനക്കാരന്‍ എന്നിവരുള്‍പ്പെടെ 7 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് സമാന രീതിയിലുളള കെട്ടിട ഉടമ – ഇടനിലക്കാര്‍- ജീവനക്കാര്‍ കൂട്ടുകെട്ടിന്‍റെ കൂടുതല്‍ തെളിവുകളാണ് അന്വേഷണ സംഘത്തിന് കിട്ടിയിരിക്കുന്നത്. സഞ്ചയ ആപ്ലിക്കേഷനിലെ പഴുതുപയോഗിച്ച് ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ ഇടാനുപയോഗിച്ച കംപ്യൂട്ടറുകളും അന്വേഷണ സംഘം തിരിച്ചറിഞ്ഞു.
കഴിഞ്ഞ ദിവസം കൂടുതല്‍ ജീവനക്കാരില്‍ നിന്നുള്‍പ്പെടെ പൊലീസ് വിവരങ്ങളെടുത്തു. ശേഷിക്കുന്ന തെളിവുകള്‍ കൂടി ശേഖരിച്ച ശേഷം ഉടന്‍ തന്നെ അറസ്റ്റുണ്ടാകുമെന്ന് അന്വേഷണ സംഘം അറിയിച്ചു. ക്രമക്കേട് നടത്തിയ വിവരം പുറത്തറിഞ്ഞയുടന്‍ തന്നെ രണ്ട് ഉടമകള്‍ നാട്ടില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.
വിദേശത്തുളളവര്‍ക്കായി അടുത്തയാഴ്ച തന്നെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ തയ്യാറാകും. ഇതിനായുളള പ്രാഥമിക നടപടികള്‍ അന്വേഷണസംഘം പൂര്‍ത്തിയാക്കി. ഇതിനിടെ കോഴിക്കോട് വിജിലന്‍സ് സംഘവും സമാന്തരമായി കോര്‍പ്പറേഷന്‍ ഓഫീസില്‍ മിന്നല്‍ പരിശോധനകള്‍ നടത്തുന്നുണ്ട്. ജീവനക്കാരുടെ മൊഴിയുള്‍പ്പെടെ ക്രോഡീകരിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതോടെ, വിജിലന്‍സ് അന്വേഷണകാര്യത്തിലും തീരുമാനമാകുമെന്നാണറിവ്.
Discussion about this post