ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്താനും തമ്മില്‍ സംഘര്‍ഷം ഉടലെടുത്ത അവസരത്തില്‍ അബദ്ധത്തില്‍ അതിര്‍ത്തി മറികടന്ന ബിഎസ്എഫ് ജവാന്‍ പൂര്‍ണം കുമാര്‍ ഷായ്ക്ക് പാക് സൈന്യത്തിന്റെ പക്കല്‍നിന്നും പീഡനങ്ങള്‍ നേരിടേണ്ടിവന്നതായി വെളിപ്പെടുത്തല്‍. ഏപ്രില്‍ 23-ന് പാകിസ്താന്‍ റേഞ്ചേഴ്‌സ് കസ്റ്റഡിയിലെടുത്ത ജവാനെ 20 ദിവസങ്ങള്‍ക്ക് ശേഷം ബുധനാഴ്ച രാവിലെയാണ് ഇന്ത്യക്ക് കൈമാറിയത്. ഈ ദിവസങ്ങളില്‍ പാകിസ്താന്റെ സൈനിക ക്യാമ്പില്‍ അനുഭവിക്കേണ്ടിവന്ന പീഡനങ്ങളെക്കുറിച്ചാണ് വെളിപ്പെടുത്തല്‍.
പാക് സൈനികര്‍ തന്നെ ശാരീരികമായി ഉപദ്രവിച്ചില്ലെങ്കിലും മാനസികമായും ശാരീരികമായും തളര്‍ത്താന്‍ വേണ്ട പ്രവര്‍ത്തികള്‍ ചെയ്തിരുന്നതായി പൂര്‍ണം കുമാര്‍ വെളിപ്പെടുത്തിയതായി സൈനികവൃത്തങ്ങള്‍ പറയുന്നു. ‘ഭൂരിഭാഗം സമയവും കണ്ണുകള്‍ കറുത്ത തുണികൊണ്ട് മൂടിക്കെട്ടിയ അവസ്ഥയിലായിരുന്നു. റങ്ങാനോ പല്ലുതേക്കാനോ അനുവദിച്ചിരുന്നില്ല. നിരന്തരം ചീത്തവിളിച്ചു.
മൂന്ന് സ്ഥലങ്ങളില്‍ മാറ്റി പാര്‍പ്പിച്ചു. അതില്‍ ഒന്ന് ഒരു വ്യോമസേനാ താവളമായിരുന്നു. അവിടെനിന്നും വിമാനങ്ങള്‍ ഉയര്‍ന്നുപൊങ്ങുന്നതിന്റെയും ഇറങ്ങുന്നതിന്റെയും ശബ്ദങ്ങള്‍ കേട്ടിരുന്നു. പിന്നീട് ഒരു ജയിലറയിലേക്ക് മാറ്റി,’ പൂര്‍ണം കുമാറിനെ ഉദ്ധരിച്ച് സൈനികവൃത്തങ്ങള്‍ പറഞ്ഞു.
Discussion about this post