സിനിമകളിലെ സ്ത്രീവിരുദ്ധത ഉൾപ്പെടെയുള്ള പല വിഷയങ്ങളിലും ധീരമായ നിലപാടുകൾ എടുത്ത വ്യക്തിയാണ് പൃഥ്വിരാജ് സുകുമാരൻ. നടിയെ ആക്രമിച്ച കേസിനെ തുടർന്ന്, സ്ത്രീവിരുദ്ധതയെ മഹത്വവൽക്കരിക്കുന്ന ഒരു സിനിമയുടെയും ഭാഗമാകില്ലെന്ന് പറഞ്ഞ് താരം പരസ്യമായി മാപ്പ് പറയുകപോലും ചെയ്തിരുന്നു. എന്നാൽ സിനിമകളിൽ വിഷലിപ്തമായ പുരുഷത്വം പ്രോത്സാഹിപ്പിക്കുന്ന സ്ത്രീവിരുദ്ധതയെ കുറിച്ച് നടനും ചലച്ചിത്ര നിർമ്മാതാവുമായ അദ്ദേഹം പൂർണ്ണമായി മനസ്സിലാക്കിയിട്ടില്ലെന്ന് തോന്നുന്നു. ആരാധകർക്ക് മഹത്വവൽക്കരിക്കാൻ കഴിയുന്ന നഗ്നമായ സ്ത്രീവിരുദ്ധ ഡയലോഗുകളിൽ നിന്ന് വിട്ടുനിൽക്കുന്നതിനെക്കുറിച്ചായിരിക്കണം അദ്ദേഹം ചിന്തിച്ചിരുന്നത് .
തന്റെ ഏറ്റവും പുതിയ ചിത്രം ബ്രോ ഡാഡി ഒരു ചെറിയ സിനിമയാണെന്ന് പ്രിഥിരാജ് ആദ്യമേ പറഞ്ഞിരുന്നു. കാഴ്ചക്കാരുമായി സംവദിച്ച രീതിയും അത് നൽകുന്ന സന്ദേശവും പരിഗണിക്കുമ്പോൾ ബ്രോ ഡാഡി തീർച്ചയായും ഒരു ചെറിയ സിനിമ തന്നെയാണ്.
മോഹൻലാൽ, കല്യാണി പ്രിയദർശൻ, മീന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഇത്തരമൊരു സിനിമ ചെയ്യാൻ പൃഥ്വിരാജിനെ പ്രേരിപ്പിച്ചതെന്താണെന്ന് മനസ്സിലാകുന്നില്ല. മനോഹരമായ വിഷ്വലുകൾ, വരേണ്യവർഗ്ഗ ചുറ്റുപാടുകൾ, വിലകൂടിയ കാറുകൾ, വസ്ത്രങ്ങൾ എന്നിവയൊഴികെ, സിനിമ രസകരമായ ഒന്നും വാഗ്ദാനം ചെയ്യുന്നില്ല . വാസ്തവത്തിൽ ഉയർന്ന ബജറ്റിൽ നിർമ്മിച്ച ഒരു വലിയ പരസ്യചിത്രം കാണുന്നത് പോലെയാണ് സിനിമ അനുഭവപ്പെട്ടത്.
കുട്ടിക്കാലം മുതൽ സുഹൃത്തുക്കളായ സമ്പന്നരായ മോഹൻലാലും ലാലു അലക്സും അവതരിപ്പിച്ച ജോൺ കാറ്റാടിയുടെയും കുര്യന്റെയും കുടുംബങ്ങളെ ചുറ്റിപ്പറ്റിയാണ് ഇതിവൃത്തം. ജോൺ കാറ്റാടി സ്റ്റീൽ ബിസിനസ് നടത്തുമ്പോൾ കുര്യൻ പരസ്യ ഏജൻസി നടത്തുന്നു. ഒരു പരസ്യ ഏജൻസിയുടെ ക്രിയേറ്റീവ് തലവനായ ഈശോ കാറ്റാടി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്, ജോൺ കാറ്റാടിയുടെ ഭാര്യയുടെ വേഷമാണ് മീന അവതരിപ്പിക്കുന്നത്. കുര്യന്റെ മകൾ അന്നയായി കല്യാണി പ്രിയദർശനും കുര്യന്റെ ഭാര്യയായി കനിഹയും അഭിനയിക്കുന്നു. ഈശോയും അന്നയും മാതാപിതാക്കളുടെ അറിവില്ലാതെ ബാംഗ്ലൂരിൽ ഒരു ലിവിംഗ് ടുഗതറിലാണ്. അന്ന അബദ്ധത്തിൽ ഗർഭിണിയാകുന്നു. ഈശോയ്ക്കും അന്നയ്ക്കും അവരുടെ മാതാപിതാക്കളോട് സത്യം വെളിപ്പെടുത്താൻ പ്രയാസമുള്ളതിനാൽ സിനിമ നമ്മൾ ചിന്തിക്കുന്ന വഴിയേ സഞ്ചരിക്കുന്നു. സിനിമ പുരോഗമിക്കുമ്പോൾ, തന്റെ മകൾ ഗർഭിണിയാണെന്ന് കുര്യനൊഴികെ എല്ലാവർക്കും അറിയാം, കുര്യന് സത്യം അറിയുന്നത് വരെ സിനിമ നീണ്ടുപോയി.
ഈശോയുടെയും അന്നയുടെയും മാതാപിതാക്കളോട് ഗർഭധാരണത്തെ കുറിച്ച് പറയാനുള്ള ഭയാനകമായ അവസ്ഥയിൽ നിന്നാണ് മിക്ക കോമഡികളും ഉണ്ടാകുന്നത്. മറക്കാനാവാത്ത സാഹചര്യങ്ങളോ കോമഡിയോ സിനിമയിലില്ല. മീനയും കനിഹയും അവതരിപ്പിക്കുന്ന ചിത്രത്തിലെ രണ്ട് വീട്ടമ്മമാർക്ക് വിലകൂടിയ സാരിയണിയുകയും ഭക്ഷണം പാകം ചെയ്യുകയുമല്ലാതെ, മറ്റൊന്നും ചെയ്യുന്നില്ല. മീനയും കനിഹയും അവതരിപ്പിക്കുന്ന വിഷ്വലുകൾ ഒരു ടെലിവിഷൻ സീരിയൽ കാണുന്നതുപോലെ തോന്നിപ്പിച്ചു
വളരെക്കാലത്തിനു ശേഷം, മോഹൻലാലിന്റെ പ്രകടനം കുറച്ചുകൂടി സ്വതന്ത്രമായി അനുഭവപ്പെട്ടു. കോമഡി തനിക്ക് വഴങ്ങില്ലെന്ന് പൃഥ്വിരാജ് വീണ്ടും തെളിയിച്ചു. കല്യാണി പ്രിയദർശൻ്റെ പ്രതികരണങ്ങൾ കുറെയൊക്കെ സ്വാഭാവികമായി തോന്നി. മുമ്പ് നിരവധി അച്ഛൻ വേഷങ്ങളിൽ കണ്ടിട്ടുള്ള ലാലു അലക്സിന് ഈ സിനിമയിൽ അഭിനയിക്കാൻ കുറച്ച് കൂടി സന്ദർഭം ലഭിച്ചു. ഉണ്ണി മുകുന്ദൻ ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നത് രണ്ട് സന്ദർഭങ്ങളിൽ കൈയടിക്കാൻ വേണ്ടി മാത്രമാണ്. ചിത്രത്തിലെ അവസാന രംഗത്തിൽ നഴ്‌സായി നിഖില വിമലും എത്തുന്നു. സിനിമകളിൽ പ്രധാന വേഷങ്ങൾ ചെയ്ത നിഖിലയെ പോലൊരു നടിയെ തീർത്തും അപ്രസക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ തിരഞ്ഞെടുത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലായില്ല. നടൻ സൗബിൻ ഷാഹിറിൻ്റെ അഭിനയം വളരെ ഭയാനകമായി. ഹാസ്യത്തിന് വേണ്ടി പടച്ചുണ്ടാക്കിയ ആ കഥാപാത്രം മോശമായതിൽ സൗബിനെ കുറ്റം പറയാനും കഴിയില്ല.
കുറ്റം പറയരുതല്ലോ …. സിനിമയുടെ ഛായാഗ്രഹണവും വിഷ്വലുകളും ഭംഗിയുള്ളതായിരുന്നു. ദീപക് ദേവിന്റെ ഗാനങ്ങൾ ശ്രദ്ധിക്കപ്പെട്ടില്ല.
തയ്യാറാക്കിയത്: രാഗേഷ് അഥീന
Discussion about this post