ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി രാജ്യസഭയിൽ നൂറ് തികച്ച് ബി ജെ പി. 1990 നുശേഷം രാജ്യസഭയിൽ 100 അംഗങ്ങളെ തികയ്ക്കുന്ന ആദ്യ പാർട്ടി കൂടിയാണ് ബി ജെ പി. ബി ജെ പിക്ക് നിലവിൽ 101 അംഗങ്ങളാണ് രാജ്യസഭയിലുള്ളത്.
രാജ്യസഭയിൽ ഒഴിവുവന്ന 13 സീറ്റുകളിലേക്ക് വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പിലാണ് നാല് അംഗങ്ങളെ ജയിപ്പിച്ച് ബി ജെ പി 100 പിന്നിട്ടത്. ആസാം, ത്രിപുര, നാഗാലാൻഡ് എന്നീ മൂന്ന് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽനിന്നും ഹിമാചൽ പ്രദേശിൽനിന്നുമാണ് ബി ജെ പിയുടെ നാല് സ്ഥാനാർഥികൾ രാജ്യസഭയിലേക്ക് ജയിച്ചത്.
ഇവർക്കു പുറമെ ആസാമിൽ ബി ജെ പിയുടെ സഖ്യകക്ഷിയായ യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറലിന്റെ (യു പി പി എൽ) ഒരു സ്ഥാനാർഥിയും വിജയിച്ചു. ഇതോടെയാണ് ബി ജെ പിയുടെ സെഞ്ചുറി നേട്ടം.
2014ൽ രാജ്യസഭയിൽ ബി ജെ പിക്ക് 55 അംഗങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. അതിനുശേഷം നിരവധി സംസ്ഥാനങ്ങളിൽ ബി ജെ പി അധികാരം പിടിച്ചതോടെ രാജ്യസഭയിലെയും അംഗബലം വർധിക്കുകയായിരുന്നു.
Discussion about this post