കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ ഇഷ്ടക്കാരുമായല്ല ചർച്ച നടത്തേണ്ടത്, കെ റെയിൽ വിഷയത്തിൽ സർവകക്ഷി യോഗമാണ് വിളിക്കേണ്ടതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ബാലാവകാശ കമ്മീഷൻ സമരക്കാർക്കെതിരെയല്ല, മറിച്ച് പൊലീസുകാർക്കെതിരെയാണ് കേസെടുക്കേണ്ടെതെന്നും, കെ റെയിൽ സമരം എല്ലായിടത്തും ബിജെപി ഏറ്റെടുക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.
കെ റെയിൽ കാരണം ഭൂമിയും വീടും കടകളും മറ്റും നഷ്ടപ്പെടുന്നവരെ സംഘടിപ്പിച്ചുകൊണ്ടുള്ള വലിയ പോരാട്ടത്തിനാണ് ബിജെപി തയാറെടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിന് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന പദ്ധതിയാണ് കെ റെയിൽ എന്നും കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ മാത്രം പ്രശ്നമല്ല ഇതെന്നും സുരേന്ദ്രൻ പറഞ്ഞു.
‘ഏഴെട്ട് മീറ്റർ ഉയരത്തിൽ കേരളത്തെ രണ്ടായി ഭാഗിക്കുകയാണ്, പ്രളയക്കെടുതിയും മഴയുടെ ബുദ്ധിമുട്ടും അനുഭവിക്കുന്ന നാട്ടിൽ ഇത്തരമൊരു പദ്ധതി കൊണ്ടുവരുന്നത് കേരളത്തിന് മുഴുവൻ ഭാവിയിൽ വളരെ ദോഷം ചെയ്യുന്ന കാര്യമാണ്. നിലവിൽ കല്ലിടുന്നതിൽ യാതൊരു യുക്തിയുമില്ല. സാമൂഹികാഘാത പഠനം നടത്താൻ ഇങ്ങനെ മഞ്ഞക്കല്ലുകൾ സ്ഥാപിക്കണോ? ഹൈക്കോടതിയെ സർക്കാർ തെറ്റിദ്ധരിപ്പിച്ചതാണ്. കുഞ്ഞുങ്ങളെയും സ്ത്രീകളെയും പുരുഷ പൊലീസുകാർ കൈകാര്യം ചെയ്തത് എങ്ങനെയെന്ന് മാടപ്പള്ളിയിലും കല്ലായിയിലുമൊക്കെ കണ്ടതാണ്. രണ്ടാം പിണറായി സർക്കാർ വന്നതോടെ ഇവിടെ നടക്കുന്നത് തികഞ്ഞ ഏകാധിപത്യ ഭരണമാണ്’ – സുരേന്ദ്രൻ പറഞ്ഞു.
Discussion about this post