പയ്യോളി: കമ്യുണിസ്റ്റ് പാർട്ടിയുടെ വർഗ സംഘടനകൾ തന്നെ പിണറായി സർക്കാർ ഭരണത്തിൻ്റെ അന്തകരാവുമെന്നതിൽ യാതൊരു തർക്കവുമില്ലെന്നും അത്തരം നെറികെട്ട പ്രവർത്തനങ്ങളാണവർ ചെയ്തു കൊണ്ടിരിക്കുന്നതെന്നും ബി ജെ പി ദേശീയ നിർവാഹക സമിതി അംഗം സി കെ പത്മനാഭൻ പറഞ്ഞു. രണ്ടാം പിണറായി സർക്കാർ അഹങ്കാരത്തിൻ്റെയും ധിക്കാരത്തിൻ്റെയും കൂത്തരങ്ങായി മാറിക്കഴിഞ്ഞു. കിടപ്പറയിലും അടുക്കളയിലുമടക്കം മഞ്ഞക്കുറ്റികൾ സ്ഥാപിച്ച്, സംസ്ഥാനത്ത് ക്രമസമാധാന പാലനം നടത്തേണ്ട പോലീസതിന് കാവൽ നിൽക്കേണ്ട ഗതികേട് മറ്റെവിടെയുണ്ടെെന്നും അദ്ദേഹം ചോദിച്ചു.
ബി ജെ പി കോഴിക്കോട് ജില്ലാ പഠനശിബിരം ‘സമയ സാരിണി’ ഇരിങ്ങൽ സർഗാലയ ക്രാഫ്റ്റ് വില്ലേജിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സി കെ പത്മനാഭൻ.
രാഷ്ട്രീയ പ്രവർത്തനം ധാർമിക മൂല്യമുള്ള പ്രവർത്തനമായി കരുതിയിരുന്നൊരു കാലം ഭാരതത്തിനുണ്ടായിരുന്നു. ഇന്നിപ്പോൾ അധികാരമാണ് പ്രധാന ഘടകം.
ഇന്നത്തെ രാഷ്ട്രീയം കമ്പോളമായി മാറിക്കഴിഞ്ഞു. തിരഞ്ഞെടുക്കപ്പെടുന്നവരെ വാങ്ങുവാനും വിൽക്കുവാനും കഴിയുന്ന കാലം. കന്നുകാലി ചന്തകളിൽ നിന്ന് കാളകളെപ്പോലെ ജനപ്രതിനിധികളെ, വിൽക്കുവാനും വാങ്ങുവാനും ഇടവരുമ്പോൾ ജനങ്ങൾക്കവരെ വെടിവെച്ചു കൊല്ലാനുള്ള അധികാരം വേണം. അതിനായി നിയമ നിർമാണം നടത്തണമെന്നും, എന്നാലേ മൂല്യങ്ങൾ നിലനിർത്താൻ കഴിയൂവെന്നും സി കെ പത്മനാഭൻ പറഞ്ഞു.
പഠനശിബിരത്തിൽ ജില്ലാ പ്രസിഡണ്ട് വി കെ സജീവൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്, സംസ്ഥാന വൈസ് പ്രസിഡണ്ട് വി വി രാജൻ, സംസ്ഥാന സെക്രട്ടറിമാരായ എ ടി പ്രകാശ് ബാബു, അഡ്വ. കെ ശ്രീകാന്ത്, ജില്ല ജനറൽ സെക്രട്ടറി എം മോഹനൻ മാസ്റ്റർ, ജില്ല സെക്രട്ടറി ഇ പ്രശാന്ത് കുമാർ പ്രസംഗിച്ചു.
ഈയിടെ അന്തരിച്ച മലബാർ കേളപ്പനെ പ്രസംഗത്തിനിടെ സി കെ പത്മനാഭൻ അനുസ്മരിച്ചു. അദ്ദേഹത്തിൻ്റെ രാഷ്ട്രീയ- നാടക പ്രവർത്തനങ്ങളെയും ‘ഭഗവാൻ കാലുമാറി’ എന്ന കെ പി എ സി നാടകത്തിന് ബദലായി ‘ഭഗവാൻ കാലുമാറുന്നില്ല’ എന്ന പേരിൽ നാടകം സംഘടിപ്പിച്ച് അവതരിപ്പിച്ചതും അദ്ദേഹം സദസ്സിനെ ഓർമപ്പെടുത്തി.
മൂന്നു ദിനങ്ങളിലായി നടക്കുന്ന സമയ സാരിണി- പഠനശിബിരത്തിൽ 15 സെഷനുകളിലായി വിവിധ വിഷയങ്ങളിൽ പ്രമുഖർ ക്ലാസെടുക്കും. മണ്ഡലം പ്രസിഡണ്ട്, ജന.സെക്രട്ടറിമാർ, ജില്ലാ ഭാരവാഹികൾ, കമ്മിറ്റി അംഗങ്ങൾ, ജില്ലയിൽ നിന്നുള്ള സംസ്ഥാന സമിതി അംഗങ്ങൾ, പോഷക സംഘടനാ ജില്ലാ ഭാരവാഹികൾ എന്നിവർക്കുള്ള നേതൃത്വ പരിശീലനമാണ് നടക്കുന്നത്.
പഠനശിബിരം രണ്ടിന് വൈകീട്ട് സമാപിക്കും. സമാപന സഭ സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് ഉദ്ഘാടനം ചെയ്യും.
Discussion about this post