ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ ബിജെപിയുടെ ഉജ്ജ്വല തിരഞ്ഞെടുപ്പ് വിജയം തളർത്തിയതിന് പിന്നാലെ കർഷക സംഘടകൾക്കിടയിൽ ഉടലെടുത്ത തർക്കവും കിസാൻ മോർച്ചയ്ക്ക് തലവേദനയാകുന്നു. കിസാൻ മോർച്ച തകർച്ചയിലേയ്ക്ക് നീങ്ങുന്നുവെന്നാണ് ലഭിക്കുന്ന സൂചനകൾ. കർഷക സംഘടനകൾക്കിടയിൽ അതിരൂക്ഷമായ തർക്കമാണ് അരങ്ങേറുന്നത്.
രജേവാൾ വിഭാഗം ഒറ്റയ്ക്ക് സമരം പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്. രജേവാൾ വിഭാഗം ലഖിംപൂരിൽ പ്രതിഷേധ പരിപാടിയ്ക്ക് തയ്യാറെടുക്കുകയാണ്. സമരത്തിൽ പങ്കെടുക്കുന്നവർക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്ന് കിസാൻ മോർച്ച അറിയിച്ചിട്ടുണ്ട്. മാർച്ച് 21 നാണ് രാജ്യവ്യാപക പ്രതിഷേധം നടക്കുന്നത്. ലഖിംപൂർ ഖേരി സംഭവത്തിൽ കേന്ദ്ര മന്ത്രി അജയ് മിശ്രക്കെതിരെ നടപടി എടുക്കാത്തതിലാണ് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്.
സംയുക്ത സമാജ് മോർച്ചയും സംയുക്ത സംഘർഷ് പാർട്ടിയും പഞ്ചാബിലെ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. ഈ രണ്ട് കർഷക സംഘടനകളുമായി തങ്ങൾക്ക് ബന്ധമില്ലെന്നും തങ്ങളുടെ പേര് ഇവർ ഉപയോഗിച്ചതായും സംയുക്ത കിസാൻ മോർച്ച ആരോപിച്ചിരുന്നു. ഇതേ തുടർന്നാണ് ഇരു സംഘടനകളും ചേർന്ന് നടത്തുന്ന പരിപാടികളിൽ പങ്കെടുക്കുന്നവർക്കെതിരെ അച്ചടക്ക നടപടിയെടുക്കുമെന്ന് സംയുക്ത കിസാൻ മോർച്ച ഭീഷണിപ്പെടുത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി രൂപീകരിക്കുന്ന ഒരു കർഷക സംഘടനയും സംയുക്ത കിസാൻ മോർച്ചയിൽ തുടരില്ലെന്ന് ഇവർ നേരത്തെ അറിയിച്ചിരുന്നു.
Discussion about this post