കൊണ്ടോട്ടി: നാലു ലക്ഷം രൂപയുടെ ബില്‍ മാറാന്‍ കരാറുകാരനില്‍ നിന്ന് 8,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തദ്ദേശസ്ഥാപനത്തിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍ വിജിലന്‍സിന്റെ പിടിയില്‍. മുതുവല്ലൂര്‍ പഞ്ചായത്തിലെ അസി. എന്‍ജിനീയര്‍ കൊല്ലം ചിറയില്‍ തെക്കേതില്‍ എസ്. ബിനീത (43) യെയാണ് വിജിലന്‍സ് സംഘം പിടികൂടിയത്. പൊതുമരാമത്ത് കരാറുകാരന്‍ കൊണ്ടോട്ടിയിലെ മുഹമ്മദ് ഷാഫിയുടെ പരാതിയിലാണ് നടപടി.

പഞ്ചായത്തിലെ മൃഗാശുപത്രിയുടെ ചുറ്റുമതില്‍ നിര്‍മാണം ഷാഫിയാണ് കാരാര്‍ എടുത്തത്. ഇതിന് നേരത്തേ 91,000 രൂപ ഷാഫി കൈപ്പറ്റിയിരുന്നു. നിര്‍മാണം പൂര്‍ത്തിയായതോടെ ബാക്കി തുകയുടെ ബില്‍ മാറാന്‍ ബിനീത രണ്ട് ശതമാനം കൈക്കൂലി ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ഷാഫി വിജിലന്‍സിനെ സമീപിച്ചത്.

വെള്ളിയാഴ്ച രാവിലെ മുതല്‍ വിജിലന്‍സ് സംഘം പഞ്ചായത്ത് ഓഫീസ് പരിസരത്തുണ്ടായിരുന്നെങ്കിലും മൂന്നു മണിക്ക് ശേഷമാണ് ബിനീത ഓഫീസിലെത്തിയത്. വിജിലന്‍സ് ഫിനോഫ്തലിന്‍ പുരട്ടി നല്‍കിയ രൂപ ഷാഫി ബിനീതയ്ക്ക് കൈമാറുന്നതിനിടെ ഉദ്യോഗസ്ഥര്‍ കൈയോടെ പിടികൂടുകയായിരുന്നു. ബിനീതയെ കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഡിവൈ.എസ്.പി. ഫിറോസ് എം. ഷഫീഖിന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ ജ്യോതീന്ദ്രകുമാര്‍ എസ്.ഐ.മാരായ മോഹന്‍ദാസ്, ശ്രീനിവാസന്‍, എ.എസ്.ഐ. സലിം, പ്രജിത്ത്, രത്‌നകുമാരി, ശ്യാമ, സുബിന്‍, ഷിഹാബ്, സുനില്‍, പി.എന്‍. മോഹനകൃഷ്ണന്‍,രാജീവ് എന്നിവരടങ്ങിയ സംഘമാണ് പഞ്ചായത്ത് ഓഫീസിലെത്തിയത്.



































Discussion about this post