കോഴിക്കോട്: മോഷ്ടിച്ച ബൈക്കുമായി യുവാക്കൾ എത്തിയത് ഉടമയുടെ മുന്നിൽ. പൊലീസിൽ പരാതി നൽകി മടങ്ങുകയായിരുന്ന ഉടമയ്ക്ക് അങ്ങനെ നഷ്ടപ്പെട്ട ബൈക്ക് അപ്രതീക്ഷിതമായി തിരിച്ചുകിട്ടി. ശനിയാഴ്ച രാത്രിയാണ് കടലുണ്ടി പഞ്ചായത്തംഗമായ പ്രവീണിന്റെ ബൈക്ക് കോഴിക്കോട് നഗരത്തിലെ കോട്ടുളിയിൽ വെച്ച് മോഷണം പോയത്.
ഞായറാഴ്ച രാവിലെ തന്നെ മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. വാഹനത്തിന്റെ ഒറിജിനൽ രേഖകൾ ഹാജരാക്കാൻ പോലീസ് ആവശ്യപ്പെടുന്നു. ഉടൻ സുഹൃത്തുക്കളോടൊപ്പം കാറിൽ കടലുണ്ടിയിലേക്ക്. ഇടയ്ക്ക് ഇന്ധനം നിറയ്ക്കാനായി തിരുവണ്ണൂരിലെ പെട്രോൾ പമ്പിൽ കയറി.
പമ്പിൽ എത്തിയതും പിറകിൽ നിന്ന് അതിവേഗം വന്ന ഒരു ബൈക്ക് പെട്രോൾ അടിക്കാനായി കാറിന്റെ മുന്നിൽ കയറുന്നു. നഷ്ടപ്പെട്ട ബൈക്ക് പ്രവീണിന്റെ തൊട്ടുമുന്നിൽ.സുഹൃത്തുക്കളുടെ സഹായത്തോടെ ബൈക്ക് തടഞ്ഞു വെച്ചെങ്കിലും പ്രധാന പ്രതി ഓടി രക്ഷപ്പെട്ടു. എന്തായാലും പ്രിയപ്പെട്ട ബൈക്ക് അങ്ങനെ പ്രവീണിന് തിരിച്ചു കിട്ടി. പിടിയിലായ പ്രതികളിലൊരാളെ പിന്നീട് പൊലീസ് കസ്റ്റഡിയിൽ എടുത്തു. എന്നാൽ കോടതി റിമാൻഡ് ചെയ്ത ഈ പ്രതി ജയിലിലേക്ക് കൊണ്ടു പോകുന്നതിനിടെ ചാടിപ്പോയത് മറ്റൊരു കഥ.
Discussion about this post