പയ്യോളി: ദേശീയ പാതയിൽ പയ്യോളി പഴയ പഞ്ചായത്ത് ഓഫീസിന് സമീപം ബസ്സിടിച്ച് രണ്ടു വിദ്യാർഥികൾക്ക് പരിക്കേറ്റു. കൊയിലാണ്ടി കൊല്ലം സ്വദേശി മുഹമ്മദ് സജാദ് (19), കീഴൂരിലെ മുഹമ്മദ് ഫസൽ (19) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരേയും കോഴിക്കോട് മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 8.30 യോടെയാണ് അപകടം.
ഇരുവരും കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാർ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥികളാണ്. സ്കൂളിലേക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്. അമിത വേഗതയിലെത്തിയ ബസ്സ് മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടയിലാണ് വിദ്യാർഥികൾ സഞ്ചരിച്ച ബൈക്കിനെ ഇടിച്ചിട്ടത്. അപകടം നടന്നയുടൻ ഡ്രൈവറടക്കം ബസ്സ് ജീവനക്കാർ കടന്നുകളയുകയായിരുന്നു. ദേശീയപാതയിലെ ഗതാഗത തടസ്സമൊഴിവാക്കാൻ മറ്റൊരു ഡ്രൈവറെയെത്തിച്ചാണ് ബസ്സ് മാറ്റിയിട്ടത്.
Discussion about this post