തിരുവനന്തപുരം: 26ാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ മുഖ്യാതിഥിയായി നടി ഭാവന. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ഉദ്ഘാടന ചടങ്ങിലാണ് ഭാവന അപ്രതീക്ഷിതമായി എത്തിയത്. ‘പോരാട്ടത്തിന്റെ പെണ്‍പ്രതീകം’ എന്ന് അഭിസംബോധന ചെയ്താണ് ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്ത്, ഭാവനയെ വേദിയിലേക്ക് സ്വാഗതം ചെയ്തത്. സംവിധായകന് ഷാജി എന്‍. കരുണ്‍ ഉപഹാരം നല്കി ഭാവനയെ സ്വീകരിച്ചു.
നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വെള്ളിയാഴ്ച വൈകീട്ട് നടന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. മന്ത്രി സജി ചെറിയാന് അധ്യക്ഷത വഹിച്ചു. ബോളിവുഡ് സംവിധായകന് അനുരാഗ് കശ്യപാണ് ഇത്തവണ മുഖ്യാതിഥിയായി എത്തിയത് .
കൊവിഡ് പ്രതിസന്ധി നീങ്ങിയ ശേഷം ആദ്യമായാണ് പഴയ രീതിയിലേക്ക് മേള സജീവമാകുന്നത്. ഐ.എസ് ബോംബാക്രമണത്തില്‍ ഇരുകാലുകളും നഷ്ടപ്പെട്ട കുര്‍ദിഷ് സംവിധായിക ലിസ ചലാന്‍ ‘സ്പിരിറ്റ് ഓഫ് സിനിമ’ പുരസ്കാരം നല്കി ആദരിച്ചു. വി. ശിവന്‍കുട്ടി, ആന്റണി രാജു എന്നിവര്‍ ചേര്‍ന്ന് ഫെസ്റ്റിവല്‍ ബുക്ക് പ്രകാശനം ചെയ്തു. 25 വരെ നടക്കുന്ന മേളയില്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള 173 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
ഏപ്രിൽ ഒന്ന് മുതൽ അഞ്ച് വരെ കൊച്ചിയിൽ റീജിയണൽ ചലച്ചിത്ര മേള നടത്തും. മത്സരവിഭാഗത്തിലെയും മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിലെയും ചിത്രങ്ങളടക്കം 70 സിനിമകൾ പ്രദർശിപ്പിക്കും.
Discussion about this post