അഞ്ച് വർഷങ്ങളായുള്ള മൗനത്തിന് വിരാമമിട്ട്, നേരിട്ട അതിക്രമത്തെക്കുറിച്ചും അതിന് ശേഷം കടന്നു പോയ പ്രതിസന്ധികളെക്കുറിച്ചും തുറന്ന് പറഞ്ഞ് ആക്രമണത്തിന് ഇരയായ നടി. വനിതാ ദിനത്തോട് അനുബന്ധിച്ച് പ്രശസ്ത മാധ്യമ പ്രവർത്തക ബർഖാ ദത്ത് ‘വി ദ വുമൻ ഓഫ് ഏഷ്യ’ കൂട്ടായ്മയോടൊപ്പം ചേർന്ന് നടത്തുന്ന ‘ഗ്ലോബൽ ടൗൺ ഹാൾ’ പരിപാടിയിലായിരുന്നു ആക്രമണത്തിന് ഇരയായ നടിയുടെ പ്രതികരണം. താൻ നേരിട്ട അതിക്രമത്തെ കുറിച്ച് ചിലത് വെളിപ്പെടുത്താനാവില്ല, കാരണം വിഷയത്തിൽ നിയമ നടപടി തുടരുകയും കോടതിയുടെ പരിഗണനയിലിരിക്കുന്നതുകൊണ്ടുമാണത്.
അന്ന് ഞാൻ സോഷ്യൽ മീഡിയയിൽ ഉണ്ടായിരുന്നില്ല. 2019 ലാണ് ഞാൻ ഇൻസ്റ്റഗ്രാമിൽ ജോയിൻ ചെയ്യുന്നത്. അപ്പോൾ പോലും എനിക്ക് മോശം മെസേജുകൾ വന്നു. എന്ത് കൊണ്ട് ആത്മഹത്യ ചെയ്യുന്നില്ല എന്നെല്ലാം ചോദിച്ച് കൊണ്ട്. ഇതെല്ലാം കാരണം ഈ യാത്ര വളരെ മോശമായിരുന്നു.
ചില സമയത്ത് ഞാൻ വളരെ തളർന്നു പോവും. എനിക്ക് പിന്തിരിയണമെന്ന് പല പ്രാവശ്യം തോന്നി. സാധാരണ ജീവിതം എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അതിനാൽ പല പ്രാവശ്യം എല്ലാം ഒഴിവാക്കാൻ തോന്നിയിട്ടുണ്ട്. ഞാൻ തെറ്റ് ചെയ്തിട്ടില്ലെന്ന് ബോധ്യമുള്ളത് കൊണ്ടാണ് പിടിച്ചു നിന്നത്.
എനിക്ക് എന്റെ നിരപരാധിത്വം തെളിയിക്കണം. എന്റെ അഭിമാനം കഷ്ണങ്ങളായി ചിതറി. എനിക്കത് തിരിച്ചു വേണം. എന്റെ കുടുംബം. എന്റെ സുഹൃത്തുക്കൾ, ഡബ്ല്യുസിസി തുടങ്ങി നിരവധി പേർ എനിക്കൊപ്പം നിന്നു. എനിക്കത് വാക്കുകളിൽ പറയാൻ പറ്റില്ല. എനിക്ക് സംഭവിച്ചത് സംഭവിച്ചു. അതിലൂടെ കടന്നു പോയേ പറ്റൂ. പക്ഷെ എനിക്ക് പോരാടണം. ഇപ്പോഴും എനിക്ക് പേടിയുണ്ട്. നീതിക്ക് വേണ്ടി പോരാടുക എളുപ്പമല്ല. ചിലപ്പോൾ ഞാൻ വളരെ ദുഖിതയാണ്. ചിലപ്പോൾ നിരാശയിലും ചിലപ്പോൾ ദേഷ്യത്തിലും.
തീർച്ചയായും എനിക്ക് അവസരങ്ങൾ നിഷേധിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ആ സംഭവത്തിന് ശേഷവും ചിലർ എനിക്കാ അവസരങ്ങൾ നൽകിയിരുന്നു. ഞാൻ മലയാളത്തിലേക്ക് തിരിച്ചു വരണമെന്ന് ശഠിച്ചിട്ടുണ്ട്. ആഷിഖ് അബു, പൃഥ്വിരാജ്, ജിനു എബ്രഹാം, ഷാജി കൈലാസ്, ഭദ്രൻ സാർ, ജയസൂര്യ തുടങ്ങിയവർ എനിക്ക് അവസരങ്ങൾ നൽകാൻ തയ്യാറായിരുന്നു. എന്നാൽ വീണ്ടും അതേ ഇന്ഡസ്ട്രിയിലേക്ക് വരാനുള്ള ബുദ്ധിമുട്ട് മൂലം അഞ്ച് വർഷത്തോളം അത് എനിക്ക് നിരസിക്കേണ്ടി വന്നു. എന്റെ മനസമാധാനത്തിന് വേണ്ടി മാത്രം ആ ഇൻഡസ്ട്രിയിൽ നിന്നും മാറി നിന്നു. എന്നാൽ മറ്റ് ഇൻഡസ്ട്രിയിൽ ഞാൻ വർക്ക് ചെയ്തു. ഇപ്പോൾ ഞാൻ ചില മലയാളം സിനിമയുടെ കഥകൾ കേൾക്കുന്നുണ്ട്.
നേരിട്ട ലൈംഗിതാതിക്രമങ്ങളെ പറ്റി നിരവധി പേർ എന്നോട് തുറന്നു പറഞ്ഞിട്ടുണ്ട്. അത് വളരെ ഞെട്ടിക്കുന്നതും ദുഖകരവുമായിരുന്നു. ഞാൻ തുറന്നു പറഞ്ഞ് രംഗത്ത് വന്നത് ശരിയായ തീരുമാനമാണെന്ന് എനിക്ക് വ്യക്തമാണ്. എന്താണ് ഫലമെന്നതിനെ പറ്റി ആശങ്കപ്പെടാതെ ശക്തമായി പോരാടും.”
Discussion about this post