ദോഹ : അഹമ്മദ് ബിൻ സ്റ്റേഡിയത്തിൽ ബെൽജിയത്തിന്റെ സുവർണതലമുറക്ക് കണ്ണീർപടിയിറക്കം. പ്രീക്വാർട്ടർ കടക്കാൻ വിജയം അനിവാര്യമായ ലോക രണ്ടാം നമ്പറുകാർ ക്രൊയേഷ്യയോട് സമനിലവഴങ്ങിയാണ് നാട്ടിലേക്ക് മടക്കടിക്കറ്റെടുത്തത്. രണ്ടാംപകുതിയിൽ കളത്തിലിറങ്ങിയ ബെൽജിയത്തിന്റെ സൂപ്പർസ്ട്രൈക്കർ റൊമേലു ലുക്കാക്കു നിർണായക ചാൻസുകൾ കളഞ്ഞുകുളിച്ചത് ബെൽജിയത്തിന്റെ വിധി
നിർണയിച്ചു. സമനിലയോടെ അഞ്ചുപോയന്റുമായി നിലവിലെ റണ്ണേഴ്സപ്പായ ക്രൊയേഷ്യ പ്രീക്വാർട്ടറിലേക്ക് കടന്നു. ഏഴ് പോയന്റുമായി ഗ്രൂപ്പിൽ നിന്നും മൊറോക്കോ ചാമ്പ്യൻമാരായപ്പോൾ ടൂർണമെന്റ് ഫേവറൈറ്റുകളിലൊന്നായി വിളിപ്പേരുണ്ടായിരുന്ന ബെൽജിയത്തിനുള്ളത് വെറും മൂന്നു പോയന്റ് മാത്രം. കഴിഞ്ഞ ലോകകപ്പിൽ സെമിഫൈനലിസ്റ്റുകളായിരുന്നു ബെൽജിയം. മത്സരത്തിന്റെ 15ാം മിനിറ്റിൽ
ഫ്രീകിക്കിനൊടുവിൽ മുള പൊട്ടിയ കൂട്ടപ്പൊരിച്ചിലിനുള്ളിൽ പെനൽറ്റി ബോക്സിനകത്തിട്ട് ക്രമാരിച്ചിനെ വീഴ്ത്തിയതിന് ബെൽജിയം താരം കരാസ്കോക്കെതിരെ റഫറി ആന്റണി ടെയ്‍ലർ പെനൽറ്റി വിധിച്ചിരുന്നു. പെനൽറ്റി കിക്കെടുക്കാനായി ലൂക്ക മോഡ്രിച്ച് ഒരുങ്ങിയെങ്കിലും വാർ ചെക്കിങ്ങിൽ ഓഫ് സൈഡെന്ന് തെളിയുകയായിരുന്നു. രണ്ടാം പകുതിയിൽ ഇരുടീമുകളും കൂടുതൽ ഉണർവ്വോടെയാണ് പന്തുതട്ടിയത്. ക്രൊയേഷ്യയുടെ
പല മിന്നലാക്രമണങ്ങളും ബെൽജിയൻ ഗോളി തിബോ കോർട്ടോ പണിപ്പെട്ട് നിർവീര്യമാക്കുകയായിരുന്നു. 59ാം മിനിറ്റിൽ ബെൽജിയത്തിന് ലഭിച്ച സുവർണാവസരം ലുക്കാക്കു പോസ്റ്റിനടിച്ച് പാഴാക്കി. ഇരുടീമുകളും ആക്രമണങ്ങൾ പലത് നടത്തിയെങ്കിലും ലക്ഷ്യം കണ്ടില്ല. മത്സരം 80 മിനിറ്റിലേക്ക് കടന്നതോടെ ക്രൊയേഷ്യ മത്സരത്തിന്റെ ഗിയർ മാറ്റി പതുക്കെയാക്കി. 86ാം മിനിറ്റിൽ ലുക്കാക്കുവിന് നേരെ ഒരു അവസരം കൂടെ
വീണുകിട്ടിയെങ്കിലും കൃത്യസമയത്ത് പന്ത് ഹോൾഡ് ചെയ്യാനായില്ല. 89ാം മിനിറ്റിൽ വീണ്ടുമൊരു അവസരം കൂടെ ലുക്കാക്കുവിന് നേരെ തുറന്നെങ്കിലും അതും പാഴാക്കി. ഒടുവിൽ മത്സരത്തിന് അന്തിമ വിസിൽ മുഴങ്ങുമ്പോൾ അപമാനിതരായാണ് ബെൽജിയം മടങ്ങിയത്. അതേ സമയം ലൂക്ക മോഡ്രിച്ചിനും കൂട്ടർക്കും മുന്നേറാൻ ഒരു അവസരം കൂടി.
Discussion about this post