പയ്യോളി: ബീച്ച് റോഡിലെ വ്യാപാരികൾക്കെതിരെ വാളോങ്ങി നഗരസഭ. വർഷങ്ങൾ പഴക്കമുള്ള ബീച്ച് റോഡ് സൗന്ദര്യവൽക്കരണം പൊടി തട്ടിയെടുത്താണ് ഉദ്യോഗസ്ഥർ വ്യാപാരികൾക്കെതിരെ നടപടിയുമായി വരുന്നത്. വ്യാപാര സ്ഥാപനങ്ങളുടെ പുറത്തേക്ക് ചാടി നിൽക്കുന്ന മേൽക്കൂരയുടെ ഷീറ്റുകൾ മുറിച്ചു മാറ്റാനാണ് വ്യാപാരികളോട് ആവശ്യപ്പെട്ടിട്ടുള്ളത്. അനുസരിച്ചില്ലെങ്കിൽ ലൈസൻസ് പുതുക്കി നൽകില്ലെന്ന ഭീഷണിയും ഉദ്യോഗസ്ഥർ വാക്കാൽ നൽകിയിട്ടുണ്ടെന്ന് വ്യാപാരികൾ പറയുന്നു.
ബീച്ച് റോഡിൽ ഏകദേശം 40 മീറ്ററോളം ദൂരത്തിലുള്ള സ്ഥലത്ത് നടപ്പാക്കാനുദ്ദേശിക്കുന്ന സൗന്ദര്യവൽക്കരണ പദ്ധതിക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. സ്റ്റേജും മറ്റ് സൗകര്യമുൾപ്പെടുത്തിയുള്ള സൗന്ദര്യവൽക്കരണത്തിൽ ഈ സ്ഥലത്തിന് ചുറ്റുവേലി കെട്ടി സംരക്ഷിക്കും എന്നുള്ളതാണ് ഈ ഭാഗത്തെ വ്യാപാരികളെ ആശങ്കയിലാഴ്ത്തുന്നത്. ചുറ്റുവേലി വരുന്നതോടെ വ്യാപാര സ്ഥാപനങ്ങളിലേക്ക് ആവശ്യക്കാർക്ക് വരാനും പോകാനും ബുദ്ധി മുട്ടാവുമെന്ന് മാത്രമല്ല ആവശ്യമായ സാധനങ്ങൾ കൊണ്ടുവരുന്നതിനും ഏറെ പ്രയാസപ്പെടും.
അതേ സമയം, സൗന്ദര്യവൽക്കരണത്തിൻ്റെ ഭാഗമായി ഇവിടെയുള്ള മരങ്ങൾ മുറിച്ചു മാറ്റുമെന്നും പറയുന്നു. വർഷങ്ങളായി പടർന്ന് പന്തലിച്ച് തണൽ വിരിച്ചു നിൽക്കുന്ന നാലോളം വൃക്ഷങ്ങൾ മുറിച്ച് മാറ്റുന്നതോടെ നഗരത്തിലെ വിവിധങ്ങളായ തൊഴിൽ മേഖലകളിലുള്ള തൊഴിലാളികളുടെ വിശ്രമസ്ഥലവും കൂടിയാവും നഷ്ടപ്പെടുക. വാഹന ഡ്രൈവർമാരും ചുമട്ട് തൊഴിലാളികൾക്കുമൊക്കെ ചൂടിൻ്റെ പരവേശം മാറാൻ സൗകര്യമൊരുക്കുന്നത് ഈ വൃക്ഷത്തണലുകളാണ്.
പരിസ്ഥിതിക്കും പക്ഷികൾക്കും ഏറെ ദോഷം വരുത്തുന്ന മരം വെട്ടലിൽ നിന്നും പിന്മാറണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു. മരം മുറിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടർക്ക് വ്യാപാരികൾ പരാതി നൽകിയിട്ടുണ്ട്.
Discussion about this post