പയ്യോളി: ബീച്ച് റോഡ് സൗന്ദര്യവൽക്കരണവുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന വിവാദങ്ങൾ അനാവശ്യവും വസ്തുതാ വിരുദ്ധവുമാണെന്ന് നഗരസഭാ അധ്യക്ഷൻ വടക്കയിൽ ഷഫീഖ് പയ്യോളി വാർത്തകളോട് പറഞ്ഞു. സ്ഥലത്തെ മുഴുവൻ മരങ്ങളും മുറിക്കുന്നില്ല. ബദാം അടക്കമുള്ള ചെറിയ മൂന്ന് മരങ്ങളാണ് മുറിച്ച് മാറ്റുന്നത്. മറ്റ് വലിയ രണ്ട് വൃക്ഷങ്ങൾ തറ കെട്ടി സംരക്ഷിക്കും. ശിഖരങ്ങൾ മുറിഞ്ഞ് വീണും ഇലക്ട്രിക്ക് ലൈനുകളിൽ തട്ടി അപകടങ്ങളുണ്ടാവാനും വേരുകൾ മുകളിലേക്ക് പടർന്ന് ടൈലുകൾ വിരിച്ചിടത്ത് വിള്ളലുകൾ വരാനും സാധ്യതയുണ്ടെന്ന വിദഗ്ദോപദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് മരം മുറിക്കേണ്ടി വരുന്നതെന്നും ചെയർമാൻ പറഞ്ഞു. ഇരുഭാഗത്തുമുള്ള ആൽമരങ്ങൾ തറ കെട്ടി വൃത്തിയാക്കും. സ്ഥലം ചുറ്റും കൈവരി കെട്ടി സംരക്ഷിക്കും. ഇത് വ്യാപാരികൾക്ക് ബുദ്ധിമുട്ടില്ലാതെയാവും ചെയ്യുക. അക്കാര്യത്തിൽ വ്യാപാരികൾക്ക് ആശങ്കയുണ്ടാവേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
“ശിഖരങ്ങൾ മുറിഞ്ഞ് വീണും ഇലക്ട്രിക്ക് ലൈനുകളിൽ തട്ടി അപകടങ്ങളുണ്ടാവാനും വേരുകൾ മുകളിലേക്ക് പടർന്ന് ടൈലുകൾ വിരിച്ചിടത്ത് വിള്ളലുകൾ വരാനും സാധ്യതയുണ്ടെന്ന വിദഗ്ദോപദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് മരം മുറിക്കേണ്ടി വരുന്നത്” – ഷഫീഖ് വടക്കയിൽ
നിലം ഇൻ്റർലോക്ക് ചെയ്ത് മനോഹരമാക്കും. ആളുകൾക്ക് വൈകുന്നേരങ്ങളിൽ വന്നിരിക്കാനും മറ്റുമായി ഇരിപ്പിടങ്ങൾ നിർമിക്കുകായും ചെയ്യും. വശങ്ങളിൽ ചെടികൾ വെച്ച് പിടിപ്പിക്കുമെന്നും ഈ സംരംഭം ബീച്ച് റോഡിൻ്റെ മുഖഛായ തന്നെ മാറ്റുമെന്നും ചെയർമാൻ വടക്കയിൽ ഷഫീഖ് പറഞ്ഞു. എതിർക്കുകയല്ല, മറിച്ച് സൗന്ദര്യവത്കകരണവുമായി സഹകരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post