പയ്യോളി: കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൻ്റെയും സംസ്ഥാന സർക്കാറിൻ്റെയും ഉത്തരവുകൾ പ്രകാരം ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിൻ്റെ നിർമ്മാണം, ഉപയോഗം, സംഭരണം എന്നിവ ജൂലൈ 1 മുതൽ സംസ്ഥാനത്ത് നിരോധിച്ച സാഹചര്യത്തിൽ, നഗരസഭയിൽ പാസ്റ്റിക്ക് നിരോധനം നടപ്പാക്കുന്നതിൻ്റെ നഗരസഭതല പ്രഖ്യാപനം നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ് നിർവ്വഹിച്ചു.

വൈസ് ചെയർപേഴ്സൺ സി പി ഫാത്തിമ അധ്യക്ഷത വഹിച്ചു. ഏകോപയോഗ പ്ലാസ്റ്റിക്ക് നിരോധനം നഗരസഭയിൽ നടപ്പിലാക്കുന്നത് സംബന്ധിച്ച് ഹെൽത്ത് ഇൻസ്പെക്ടർ ടി ചന്ദ്രൻ വിശദീകരിച്ചു. രാഷ്ടീയ പാർട്ടി പ്രതിനിധികളും, കൗൺസിലർമാരും, വ്യാപാര സംഘടന പ്രതിനിധികളും, തെരുവോര കച്ചവട പ്രതിനിധികളും, ഹരിത കർമ്മ സേനാംഗങ്ങളും, ഉദ്യോഗസ്ഥരും പങ്കെടുത്ത ചടങ്ങിൽ വെച്ച് പ്ലാസ്റ്റിക് നിരോധനം കർശനമായി

നടപ്പിലാക്കുന്നതിനും ജനങ്ങളെ ബോധവാൻമാരാക്കുന്ന പ്രവർത്തനങ്ങൾ നടത്തുന്നതിനും ധാരണയായി. നോട്ടീസ് വിതരണവും മൈക്ക് അനൗൺസ്മെൻ്റും നാളെ മുതൽ നടത്തും. റസിഡൻസ് അസോസിയേഷനുകളുടെ യോഗം വിളിച്ച് ചേർക്കും.

സ്കൂളുകൾക്ക് സമീപമുള്ള കച്ചവട സ്ഥാപനങ്ങളിൽ പരിശോധന ഉടൻ നടത്തും.കുട്ടികളിലെ വലിച്ചെറിയൽ ശീലം ഒഴിവാക്കാൻ സ്കൂളുകൾക്ക് കത്ത് നല്കും.

സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷൻ മാരായ പി എം ഹരിദാസ്, സുജല ചെത്തിൽ, വി കെ അബ്ദുറഹിമാൻ, ഹെൽത്ത് ഇൻസ്പെക്ടർ ടി പി പ്രജീഷ് കുമാർ, മുസ മാസ്റ്റർ, വി എം ഷാഹുൽ ഹമീദ്, റാണാ പ്രതാപ്, പ്രജിത് ലാൽ, മനോജ്, യു ടി കരിം പ്രസംഗിച്ചു.


Discussion about this post