തിരുവനന്തപുരം: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ രാജ്യത്ത് ഇന്നു മുതൽ നിരോധനം. നിരോധിത ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കുന്നവർക്കും വിൽക്കുന്നവർക്കും ഉപയോഗിക്കുന്നവർക്കുമെതിരേ കർശന നടപടിയുണ്ടാകും. തുടക്കത്തിൽ 10,000 രൂപമുതൽ 50,000 രൂപവരെ പിഴയാണ് ശിക്ഷ.
കുറ്റം ആവർത്തിച്ചാൽ സ്ഥാപനത്തിന്‍റെ ലൈസൻസ് റദ്ദാക്കും.അതേസമയം കയറ്റുമതിക്കുള്ള പ്ലാസ്റ്റിക് വസ്തുക്കൾ, ആരോഗ്യ രംഗത്ത് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ/ഉപകരണങ്ങൾ, കമ്പോസ്റ്റബിൾ പ്ലാസ്റ്റിക്കിൽ നിർമ്മിച്ച പ്ലാസ്റ്റിക് വസ്തുക്കൾ എന്നിവയ്ക്ക് നിരോധനം ബാധകമല്ല.
2020 ജനുവരി മുതൽ കേരളത്തിൽ പ്ലാസ്റ്റിക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. എന്നാൽ നിരോധനം ശക്തമായി നടപ്പായില്ല. സംസ്ഥാനത്ത് കേന്ദ്ര സർക്കാർ നിരോധിച്ച ഉത്പന്നങ്ങൾക്ക് പുറമെ 2020 ജനുവരി, ഫെബ്രുവരി, മെയ് മാസങ്ങളിലായി സംസ്ഥാന പരിസ്ഥിതി വകുപ്പ് പുറപ്പെടുവിച്ച ഉത്തരവുകൾ പ്രകാരമുളള ഉത്പന്നങ്ങള്‍ക്കും നിരോധനത്തിന്‍റെ പരിധിയിൽ വരും. നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗവും ഉത്പാദനവും തടയാൻ പ്രത്യേക കണ്ട്രോൾ റൂമുകളും, എൻഫോഴ്സമെൻറ് സ്ക്വാഡുകളും രൂപീകരിക്കുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് അറിയിച്ചു.
നിരോധനം ബാധമാകുന്ന ഉൽപ്പന്നങ്ങൾ:
മിഠായി സ്റ്റിക്, ഐസ്ക്രീം സ്റ്റിക്, ചെവിത്തോണ്ടി, അലങ്കാരവസ്തുക്കൾ, ബലൂൺ എന്നിവയിൽ പ്ലാസ്റ്റിക് വസ്തുക്കൾ ഉപയോഗിക്കാൻ പാടില്ല. ഒറ്റത്തവണ മാത്രം ഉപയോഗിച്ച് ഒഴിവാക്കുന്ന തരത്തിലുള്ള പ്ലാസ്റ്റിക് കപ്പുകൾ, സ്പൂൺ, സ്ട്രോ, ട്രേ, പാത്രങ്ങൾ ഏകോപയോഗ പ്ലാസ്റ്റിക് മേശവിരിപ്പുകൾ, പ്ലേറ്റുകൾ, കപ്പുകൾ, തെർമോക്കോൾ/സ്റ്റെറോഫോം ഉപയോഗിച്ചുളള അലങ്കാര വസ്തുക്കളും.
പ്ലാസ്റ്റിക്ക് ആവരണമുളള പേപ്പർ കപ്പ്,പിവിസി ഫ്‌ളെക്‌സുകൾ, പ്ലാസ്റ്റിക്ക് കോട്ടഡ് തുണി, പോളിസ്റ്റർ, നൈലോൺ, കൊറിയൻ തുണി ബാനറുകൾ, കുടിവെളള പൗച്ചുകൾ, ബ്രാൻഡ് ചെയ്യാത്ത ജ്യൂസ് പാക്കറ്റുകൾ, പ്ലാസ്റ്റിക്ക് കൊടിതോരണങ്ങൾ, പഴങ്ങളും പച്ചകറികളും പാക്ക് ചെയ്യുന്ന പ്ലാസ്റ്റിക്ക് പാക്കറ്റുകൾ. 500 മില്ലി ലിറ്ററിൽ താഴെയുള്ള PET/PETE കുടിവെള്ളക്കുപ്പികൾ, സിഗരറ്റ് കൂടുകൾ പൊതിയുന്ന നേരിയ പ്ലാസ്റ്റിക് കവർ, വിവിധ തരം കാർഡുകളിൽ ഉപയോഗിക്കുന്ന നേരിയ പ്ലാസ്റ്റിക്, മിഠായി കവറിലെ പ്ലാസ്റ്റിക്. 100 മൈക്രോണിൽ താഴെയുള്ള പിവിസി, പ്ലാസ്റ്റിക് ബാനറുകൾ എന്നിവയ്ക്കും നിരോധനം ഏർപ്പെടുത്തി.
Discussion about this post