പയ്യോളി: കുട്ടികളെ മാത്രമല്ല, രക്ഷിതാക്കളെയും നാട്ടുകാരെയുമൊക്കെ അത്ഭുതപ്പെടുത്തുകയാണ് ഇവിടുത്തെ കാഴ്ചകൾ. മനോഹരങ്ങളായ, ജീവൻ തുടിക്കുന്ന ചിത്രങ്ങളും ക്ലാസ് റൂം സൗകര്യങ്ങളും ആരിലും അസൂയയുളവാക്കും.

ഇതൊക്കെ കാണാനും അനുഗ്രഹിക്കുന്നതിനുമായി മൺമറഞ്ഞതും ജീവിച്ചിരിക്കുന്നതുമായ, വിവിധ മേഖലകളിൽ മഹത്വം തെളിയിച്ചവർ ചുവരുകളിൽ അടുക്കോടും ചിട്ടയോടും കൂടി നിരന്ന് നിൽക്കുന്നു. പറഞ്ഞു വരുന്നത്,
അയനിക്കാട്ടുകാരുടെ സ്വന്തം ഗവ. വെൽഫെയർ എൽ പി സ്കൂളിനെ കുറിച്ച്.

ഒരേയൊരു മാസം കൊണ്ട് അടിമുടി മാറി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർന്നിരിക്കുകയാണ് ഈ സർക്കാർ വിദ്യാലയം.

കണ്ടും കേട്ടും കളിച്ചും അനുഭവിച്ചും പഠിക്കാനുള്ള മികച്ച സൗകര്യങ്ങൾ ഒരുക്കി കുരുന്നുകൾക്കു മുന്നിൽ വാതായനങ്ങൾ തുറന്ന് ‘കളിയാണ് രീതി സ്നേഹമാണ് ഭാഷ’ എന്ന തത്വത്തിലുറച്ച് മികച്ച പഠന തന്ത്രങ്ങളിലൂടെ അവരുടെ സമഗ്രവികസനം ലക്ഷ്യമിട്ട് കാത്തിരിക്കുകയാണ് ഇവിടുത്തെ അദ്ധ്യാപകർ.

സ്ഥലപരിമിതി ഏറെയുണ്ടെങ്കിലും, അത് സൗകര്യങ്ങൾക്ക് തടസ്സമാവുമ്പോഴും, സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ഉപയോഗിക്കാൻ കഴിയുന്ന തരത്തിലാണ് പുതിയ മാറ്റങ്ങൾ സമഗ്ര ശിക്ഷ കേരളത്തിൻ്റെ സഹായത്തോടെ സജ്ജീകരിച്ചിരിക്കുന്നത്.

സ്വന്തമായി മികച്ച ക്ലാസ് മുറികളുള്ള പ്രീപ്രൈമറി വിഭാഗത്തിന് സമഗ്ര ശിക്ഷ കേരളം നിർദേശിച്ച 13 ഇടങ്ങൾ ഒരുക്കുന്നതിൽ പ്രയാസങ്ങളൊന്നുമുണ്ടായില്ലെന്ന് നിർമാണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച പ്രധാനാധ്യാപകൻ അബ്ദുൾ ജലീൽ പറയുന്നു. മികച്ച ശബ്ദ -ദൃശ്യ ഭംഗിയോടെ ആകർഷകമാക്കിയ അരങ്ങ് – മിനി തീയേറ്റർ കുട്ടികൾക്ക് നവ്യാനുഭവമായിരിക്കും.

പ്രവേശന കവാടത്തോടുചേർന്ന് പ്രാദേശിക കലാകാരനായ മുരളി പെരിങ്ങാടും സഹോദരൻ വിജയൻ പെരിങ്ങാടും ചേർന്ന് നിർമ്മിച്ച ഹരിതോദ്യാനം മനോഹരമായ മറ്റൊരു കാഴ്ചയാണ്. ഉദ്യാനത്തിലെ ചെറിയ പാലം കടന്നെത്തുന്നത് കളിയുപകരണങ്ങൾ ഒരുക്കിയ കളിയിടത്തിലേക്കാണ്.

കറങ്ങാനും കയറി ഇറങ്ങാനും സാഹസിക സഞ്ചാരത്തിനും ഊഞ്ഞാലാടാനുമുള്ള സൗകര്യങ്ങളാൽ സമൃദ്ധമാണ് കളിയിടം. സ്കൂൾ വരാന്തയിലൂടെ നടന്ന് കോണിപ്പടവുകൾ കയറിയുള്ള യാത്ര മറ്റൊരു മായിക ലോകത്തിലേക്കാണ് കുട്ടികളെ നയിക്കുന്നത്.

പക്ഷികളും മൃഗങ്ങളും മരങ്ങളും മത്സ്യങ്ങളും പൂക്കളും ചെടികളും നിറഞ്ഞ മനോഹരമായ ചുമർചിത്രങ്ങളും ആരെയും അമ്പരപ്പിക്കും. ചിത്രകലാ അധ്യാപകരായ കെ കെ ഗോപാലനും മകൻ രാജേഷും നിറങ്ങളുടെ വർണ്ണക്കൂടാരമൊരുക്കി വെൽഫേർ സ്കൂളിന്റെ വരയിടം ധന്യമാക്കി.

ത്രീ പ്ലസ്, ഫോർ പ്ലസ് ക്ലാസ്സുകളിലേക്ക് കടന്നാൽ ഏതു രീതിയിലും ക്രമീകരിക്കാവുന്ന മനോഹരമായ ഇരിപ്പിടങ്ങൾ വർണ്ണ ഭംഗിയാൽ കുരുന്നുകളുടെ മനംകവരുന്നവയാണ്. കളിപ്പാട്ടങ്ങളും നിർമ്മാണ സാമഗ്രികളും മുഖം മൂടികളും പാവക്കുട്ടികളും നിറഞ്ഞ ചില്ലലമാര കുഞ്ഞു ഭാവനകൾക്ക് ചിറകു വിടർത്തി പറന്നുയരാനുള്ള അനന്തസാധ്യതകളെയാണ് തൊട്ടുണർത്തുന്നത്.

ഒന്ന് ഒന്നാന്തരം, ഇഷ്ട രണ്ടാംതരം, മിന്നും മൂന്നാം തരം, നല്ല നാലാംതരം എന്നിങ്ങനെ പ്രൈമറി ക്ലാസുകളും മികച്ച ഫർണിച്ചറുകളും ചിത്രച്ചുമരുകളും നൂറുകണക്കിന് മഹാന്മാരുടെ ഫോട്ടോകളും പ്രദർശിപ്പിച്ച് ആകർഷകമാക്കിയിരിക്കുന്നു.
‘റേഡിയോ വെൽഫേർ – ഒഴിവുവേളകളെ പ്രയോജനപ്പെടുത്തി കുട്ടികളിലെ സർഗ ഭാവനകൾക്ക് അരങ്ങൊരുക്കുന്നു.

കോഴിക്കോട് സമഗ്രശിക്ഷാ കേരള അനുവദിച്ച പതിമൂന്നേമുക്കാൽ ലക്ഷം രൂപ ഉപയോഗിച്ചുള്ള മാറ്റങ്ങൾക്കാണ് അയനിക്കാട് ഗവൺമെൻറ് വെൽഫെയർ എൽ പി സ്കൂൾ പ്രീപ്രൈമറി വേദിയായത്. മാർച്ച് മാസാവസാനം ലഭിച്ച ഫണ്ട് വിനിയോഗം ആരംഭിച്ചത് പ്രധാനാധ്യാപകനായി ഏപ്രിൽ മാസം ചാർജെടുത്ത സി അബ്ദുൽ ജലീന്റെ നേതൃത്വത്തിലാണ്. മിക്കദിവസങ്ങളിലും സ്കൂളിൽ താമസിച്ചുകൊണ്ട് തന്നെ അദ്ദേഹം പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു.

ഇവിടെയുള്ള മഴവെള്ള സംഭരണി വേനൽക്കാലത്തെ ജലദൗർലഭ്യത്തിന് പരിഹാരമാവും.
അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ച മാതൃകാ പ്രീ സ്കൂൾ പ്രഖ്യാപനം എം എൽ എ കാനത്തിൽ ജമീല ഇന്ന് (വ്യാഴാഴ്ച) 4 മണിക്ക് നിർവഹിക്കും. നഗരസഭാധ്യക്ഷൻ ഷഫീഖ് വടക്കയിൽ അധ്യക്ഷത വഹിക്കും.
Discussion about this post