പയ്യോളി: ഉപ്പുവെള്ളം കയറി വർഷങ്ങളായി കൃഷിയിറക്കാൻ കഴിയാതായ അയനിക്കാട് ചെത്തിൽ പാടം ഇനി പച്ചയണിയും. നിലച്ചുപോയ നെൽകൃഷി പുനരാരംഭിക്കുന്നതിന് സമയബന്ധിത ഒരുക്കങ്ങൾക്ക് കൊളാവിപ്പാലത്ത് ചേർന്ന യോഗത്തിൽ ധാരണയായി.

ഒഴുക്ക് നിലച്ച കോട്ടപ്പുഴയിലെ മണൽ നീക്കം ചെയ്യുമെന്നും കൃഷിയിറക്കാൻ ആവശ്യമായതെല്ലാം ചെയ്യാമെന്ന് നഗരസഭാധ്യക്ഷൻ്റെ ആത്മാർഥമായ ഉറപ്പും ലഭിച്ചതോടെ കർഷകർ ആവേശത്തിലാണ്.

കൃഷിയിറക്കുന്നതിന് എന്തൊക്കെ സൗകര്യങ്ങളാണൊരുക്കേണ്ടതെന്ന് ആലോചിക്കുന്നതിനായി ചേർന്ന വയലുടമകളുടേയും നെൽകർഷകരുടേയും സംഗമം നഗരസഭാധ്യക്ഷൻ വടക്കയിൽ ഷഫീഖ് ഉദ്ഘാടനം ചെയ്തു.

വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി എം ഹരിദാസൻ അധ്യക്ഷത വഹിച്ചു. നഗരസഭാംഗങ്ങളായ കെ സി ബാബുരാജ്, ചെറിയാവി സുരേഷ് ബാബു എന്നിവരും, കെ ടി കേളപ്പൻ, പി ലക്ഷ്മണൻ, വി പി നാണു മാസ്റ്റർ, എം ടി പ്രഭാകരൻ പ്രസംഗിച്ചു. മലബാർ കൈപ്പാട് ഫാർമേഴ്സ് സൊസൈറ്റി ജനറൽ സെക്രട്ടറി ക്ലാസെടുത്തു. കൃഷി അസി. മൊയ്തീൻ വിത്ത് വിതരണം നടത്തി.


Discussion about this post