പയ്യോളി: കെട്ടിട പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുന്നതിനായി കുഴിമന്തി ചലഞ്ചുമായി അയനിക്കാട് റിക്രിയേഷൻ സെൻ്റർ ഗ്രന്ഥാലയം ആൻ്റ് വായനശാല.
മെയ് 24 ശനിയാഴ്ചയാണ് കുഴി മന്തി ചലഞ്ച് നടക്കുക. ദേശീയപാത വികസനത്തിന്റെ ഭാഗമായി വായനശാല കെട്ടിടം പൊളിച്ചു മാറ്റേണ്ടിവന്നിരുന്നു. തുടർന്ന്, നാലു വർഷമായി വാടകക്കെട്ടിടത്തിലെ നിന്നു തിരിയാനിടമില്ലാത്ത, ഒറ്റമുറിയിൽ ഒതുങ്ങിയിരിക്കുകയാണ് വായനശാല പ്രവർത്തനം.
നിലവിലുണ്ടായിരുന്ന കെട്ടിടവും ഭൂമിയും നഷ്ടപ്പെട്ടതോടെ വായനശാല യാഥാർഥ്യമാക്കുന്നതിൻ്റെ ഭാഗമായി പണം കണ്ടെത്തുകയെന്നത് വെല്ലുവിളിയാവുകയായിരുന്നു. ആവശ്യമായ സ്ഥലം കണ്ടെത്തി വാങ്ങി, അതിൽ കെട്ടിടം പണിയുകയെന്നതാണ് വായനശാല കമ്മിറ്റി ഏറ്റെടുത്ത ദൗത്യം.
പയ്യോളി നഗരസഭയുടെ ഉടമസ്ഥതയിലായിരുന്നു കെട്ടിടമെന്നതിനാൽ നഷ്ടപരിഹാരമായി ലഭിച്ച തുക പയ്യോളി നഗരസഭയുടെ അക്കൗണ്ടിലാണ് സൂക്ഷിച്ചിട്ടുള്ളത്. അതേ സമയം, ഈ തുക കൊണ്ട് ലക്ഷ്യം പൂർത്തീകരിക്കാൻ കഴിയില്ലെന്ന യാഥാർഥ്യം ബോധ്യമായതോടെയാണ് കുഴി മന്തി ചലഞ്ചുമായി വായനശാലാ പ്രവർത്തകർ ജനങ്ങളിലേക്കിറങ്ങുന്നത്.
Discussion about this post