കൊച്ചി: കസ്റ്റഡിയിലായിട്ടും എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം. അര്‍ഷോമിനെതിരേ നടപടി എടുക്കുന്നില്ലെന്ന് ആരോപിച്ച് കോട്ടയം ഡിവൈഎസ്പിക്ക് എതിരേ പരാതി. യൂത്ത് കോണ്‍ഗ്രസാണ് സംസ്ഥാന പോലീസ് മേധാവിയ്ക്ക് പരാതി നല്‍കിയിരിക്കുന്നത്.
കോട്ടയം ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പട്ടികജാതിക്കാരിയായ പെണ്‍കുട്ടിയ്ക്ക് നേരെ നടത്തിയ അതിക്രമത്തിന്റെ പേരില്‍ ഇയാള്‍ക്കെതിരേ കേസുണ്ടെന്നും എന്നാല്‍, കസ്റ്റഡിയിലായിട്ടും നടപടി എടുക്കാന്‍ കേസ് അന്വേഷിക്കുന്ന കോട്ടയം ഡി.വൈ.എസ്.പി. തയ്യാറാകുന്നില്ലെന്നുമാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയായ പി.വൈ. ഷാജഹാന്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. വധശ്രമം ഉള്‍പ്പെടെയുള്ള 12 കേസുകളില്‍ അര്‍ഷോം നല്‍കിയ ജാമ്യാപേക്ഷ ചൊവ്വാഴ്ച ഹൈക്കോടതി തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് അര്‍ഷോമിനെ കസ്റ്റഡിയിലെടുത്തത്.
കേസില്‍ പ്രതിയായ അര്‍ഷോം ഒളിവിലാണെന്നാണ് ഇതുവരെ ഡി.വൈ.എസ്.പി. പറഞ്ഞിരുന്നത്. എന്നാല്‍ മറ്റൊരു കേസില്‍ റിമാന്‍ഡിലായി കാക്കനാട് ജില്ലാ ജയിലില്‍ കഴിഞ്ഞിട്ടും നടപടി എടുക്കാന്‍ തയ്യാറായില്ല. പ്രതി ഇവിടെയുള്ള കാര്യം ജില്ലാ ജയില്‍ അധികൃതര്‍ രേഖാമൂലം ഡി.വൈ.എസ്.പിയെ അറിയിച്ചിട്ടുണ്ട്. നിലവില്‍ അറസ്റ്റ് വാറണ്ട് ഉള്ള എല്ലാ കേസുകളിലും പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തണമെന്ന ഹൈക്കോടതി നിര്‍ദേശം പോലും അവഗണിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
Discussion about this post