കീഴരിയൂർ: കീഴരിയൂർ സർവീസ് സഹകരണ ബേങ്കിൻ്റെ നമ്പ്രത്തുകര ശാഖയിൽ ഇന്നലെ രാത്രി നടത്തിയ മോഷണശ്രമം വിഫലമായി. ബേങ്കിൻ്റെ ഷട്ടർ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്തു കയറിയത്.
പിന്നിലെ ജനവാതിൽ ചില്ലും തകർത്തിട്ടുണ്ട്. അകത്തു കടന്നവർക്ക് മേശവലിപ്പ് തുറക്കാൻ കഴിഞ്ഞതിലപ്പുറം ഒന്നും ചെയ്യാൻ സാധിച്ചിട്ടില്ല. കൊയിലാണ്ടി സി ഐ സുനിൽകുമാറിൻ്റെ നേതൃത്വത്തിലെത്തിയ ആദ്യ പോലീസ് സംഘം അകത്ത് നടത്തിയ പരിശോധനയിൽ സെയ്ഫ് റൂമും ലോക്കറും അതീവ സുരക്ഷിതമാണെന്ന് കണ്ടെത്തിയിരുന്നു.
തുടർന്ന് ഫോറൻസിക്ക് വിഭാഗവും ഡോഗ് സ്കോഡും എത്തിച്ചേരുകയും വിശദമായ പരിശോധന നടത്തുകയും ചെയ്തു. ധനനഷ്ടമോ ഫയൽ നഷ്ടമോ ഉണ്ടായിട്ടില്ലെന്ന് ബേങ്ക് പ്രസിഡൻ്റ് ചുക്കോത്ത് ബാലൻ നായർ അറിയിച്ചു.
ഈ അടുത്ത ദിവസങ്ങളിൽ മുത്താമ്പി പ്രദേശത്ത് ചെറിയ മോഷണശ്രമങ്ങൾ നടന്നതായി നാട്ടുകാർ പറഞ്ഞു. തുടർച്ചയായ ഇത്തരം മോഷണശ്രമങ്ങൾ നേരിടാൻ പോലീസിൻ്റെ ഭാഗത്തുനിന്ന് ജാഗ്രത ഉണ്ടാവണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Discussion about this post