
കൊയിലാണ്ടി: മയക്കുമരുന്ന് വിരുദ്ധ സ്ക്വാഡ് പ്രവർത്തകനെ ആക്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. അത്തോളി കുന്നത്തറ ചാലിൽ സൂരജ് (25) നെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്. ഡി വൈ എഫ് ഐ യുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്ക്വാഡ് പ്രവർത്തകനായ വിഷ്ണുവിനെയാണ് ക്രൂരമായി ആക്രമിച്ചത്.

ഇന്നലെ വൈകിട്ട് ഈസ്റ്റ് റോഡിൽ റെയിൽവെ ഗേറ്റിനു സമീപം വെച്ചായിരുന്നു ആക്രമണം. കല്ല് കൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടി.
കുട്ടികൾക്ക് മയക്ക് മരുന്ന് നൽകുന്ന വിവരം പോലീസിൽ അറിയിച്ചതിൻ്റെ പ്രതികാരമാണ് ആക്രമണത്തിന് കാരണമെന്ന് പറയുന്നു. സൂരജിൻ്റെ പേരിൽ 9 ഓളം കേസുകൾ നിലവിലുണ്ട്. രാത്രി കാലത്ത് പിടിച്ചുപറിസംഘത്തോടൊപ്പമാണുണ്ടാവുകയെന്ന് പറയുന്നു. നല്ല നടപ്പിന് ജാമ്യം എടുക്കാൻ പോലീസ് റിപ്പോർട്ട് കൊടുത്തിരിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വധശ്രമത്തിനാണ് കേസെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാണ്ടു ചെയ്തു.
കൊയിലാണ്ടിയിൽ മയക്കുമരുന്ന് മാഫിയ പിടിമുറുക്കിയ സാഹചര്യത്തിൽ പോലീസ് പരിശോധന ശക്തമാക്കാൻ തിരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം 15 കാരനെ മയക്കുമരുന്ന് മാഫിയ തട്ടികൊണ്ടു പോയി ബലമായി ലഹരികുത്തിവെച്ച ശേഷം ബസ് സ്റ്റാൻ്റിൽ ഉപേക്ഷിക്കുകയായിരുന്നു. ഈ സംഭവം കൊയിലാണ്ടിയിലെ രക്ഷിതാക്കളിൽ ആശങ്ക പരത്തിയിരിക്കുകയാണ്.
Discussion about this post