തുറയൂർ/ പേരാമ്പ്ര: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ചതോടെ സംസ്ഥാനത്തിന്റെ പലഭാഗങ്ങളും സംഘര്‍ഷഭരിതമായി. തുറയൂരിലും പേരാമ്പ്രയിലും കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസുകൾക്ക് നേരെ ആക്രമണമുണ്ടായി. തുറയൂർ കല്ലുംപുറത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെയാണ് ഇന്നലെ വൈകിട്ടോടെ അക്രമം ഉണ്ടായത്. കമ്മിറ്റി ഓഫീസിന്റെ ജനൽച്ചില്ലുകൾ അടിച്ചുതകർത്തു. സംഭവത്തിനു പിന്നിൽ ഡി വൈ എഫ് ഐ പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു.
പേരാമ്പ്രയില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ ബോംബ് എറിഞ്ഞു. പേരാമ്പ്ര കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് നേരെയാണ് ആക്രമണമുണ്ടായത്. അര്‍ദ്ധരാത്രി 12.55 ഓടെയാണ് സംഭവം. ഓഫീസിന്റെ ജനല്‍ ചില്ലുകളും വാതിലുകളും തകര്‍ന്നു. ഈ സമയം ഓഫീസില്‍ ആരും ഉണ്ടായിരുന്നില്ല.
പയ്യന്നൂര്‍ കോണ്‍ഗ്രസ് ഓഫീസിനുപുറത്ത് സ്ഥാപിച്ച ഗാന്ധിപ്രതിമയുടെ തല അക്രമികള്‍ വെട്ടിമാറ്റി. കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റെ ഭാര്യവീടിനുനേരേ ആക്രമണമുണ്ടായി.
വിമാനത്തിനുള്ളിലെ പ്രതിഷേധത്തിനെതിരേ ഇടതുസംഘടനകളും കെ പി സി സി ഓഫീസാക്രമണത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ സംഘടനകളും തെരുവിലിറങ്ങിയതോടെ തിങ്കളാഴ്ച വൈകീട്ട് മുതല്‍ സംസ്ഥാനത്തിന്റെ പലഭാഗങ്ങളും സംഘര്‍ഷങ്ങള്‍ അരങ്ങേറി.
Discussion about this post