ദുബായ്: പ്രവാസി വ്യപാരപ്രമുഖനും ചലച്ചിത്രനിർമ്മാതാവുമായ അറ്റ്ലസ് രാമചന്ദ്രൻ (80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ദുബായ് ആസ്റ്റർ മൻഖൂൾ ആശുപത്രിയിൽ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. ശനിയാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മരണസമയത്ത് ഭാര്യ ഇന്ദിരാ രാമചന്ദ്രനും മകൾ ഡോ. മഞ്ജു രാമചന്ദ്രനും ഒപ്പമുണ്ടായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങൾ അലട്ടിയിരുന്നെങ്കിലും പുതിയ ബിസിനസ് സംരഭങ്ങൾ തുടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു അറ്റ്ലസ് രാമചന്ദ്രൻ.
പരേതനായ വി കമലാകര മേനോന്റെയും പരേതയായ രുഗ്മിണിയമ്മയുടെയും മകനായി 1942 ജൂലായ് 31ന് തൃശൂരിലാണ് രാമചന്ദ്രന്റെ ജനനം. എഴുപതുകളിലാണ് കുവൈറ്റിൽ അറ്റ്ലസ് ഗ്രൂപ്പിന്റെ ആദ്യ ജുവലറി തുടങ്ങുന്നത്. വിവിധയിടങ്ങളിലായി അറ്റ്ലസ് ജുവലറി ഗ്രൂപ്പിന് അമ്പതോളം ശാഖകൾ ഉണ്ടായിരുന്നു. വിവിധ ബാങ്കുകളിൽ നിന്ന് എടുത്ത 55 കോടിയിലേറെ ദിർഹത്തിന്റെ വായ്പ തിരിച്ചടക്കുന്നതിൽ വീഴ്ച വന്നതിനെത്തുടർന്ന് 2015ൽ ദുബായ് പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തു. വൈശാലി, സുകൃതം, ഇന്നലെ എന്നിവ ഉൾപ്പെടെ നിരവധി സിനിമകൾ നിർമ്മിക്കുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. മകൻ ശ്രീകാന്ത് രാമചന്ദ്രൻ.
Discussion about this post