തിരുവനന്തപുരം: ബി ജെ പി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി. 47 സ്ഥാനാർഥികളുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേമത്തും മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കാസർകോട് ജില്ലയിലെ മഞ്ചേശ്വരത്തുനിന്നും മത്സരിക്കും. കോഴിക്കോട് നോർത്തിൽ നവ്യ ഹരിദാസും, പാലക്കാട് ശോഭ സുരേന്ദ്രനും, തൃശൂരിൽ പത്മജ വേണുഗോപാലും മത്സരിക്കും. ഒറ്റപ്പാലത്ത് മേജർ രവിയും, പാലായിൽ ഷോൺ ജോർജും, പൂഞ്ഞാറിൽ പി.സി. ജോർജും സ്ഥാനാർഥികളാകും.
കോഴിക്കോട് ജില്ലയിൽ വടകരയിൽ അഡ്വ. കെ ദിലീപ്, കുറ്റ്യാടിയിൽ രാമദാസ് മണലേരി, നാദാപുരത്ത് സി പി വിപിൻ ചന്ദ്രൻ, കൊയിലാണ്ടിയിൽ സി ആർ പ്രഫുൽ കൃഷ്ണൻ, പേരാമ്പ്രയിൽ എം മോഹനൻ മാസ്റ്റർ, ബാലുശ്ശേരിയിൽ (എസ് സി) സി പി സതീശൻ, എലത്തൂരിൽ ടി ദേവദാസ്, കോഴിക്കോട് സൗത്തിൽ ടി രനീഷ്, ബേപ്പൂരിൽ അഡ്വ. കെ പി പ്രകാശ് ബാബു, കുന്ദമംഗലത്ത് വി കെ സജീവൻ എന്നിവരാണ് സ്ഥാനാർഥികൾ.
വട്ടിയൂർക്കാവിൽ മുൻ ഡിജിപി ആർ ശ്രീലേഖ, കഴക്കൂട്ടത്ത് വി മുരളീധരനും കാട്ടാക്കടയിൽ പി കെ കൃഷ്ണദാസ്, ആറ്റിങ്ങൽ മണ്ഡലത്തിൽ അഡ്വ. പി സുധീർ എന്നിവർ ജനവിധി തേടും.
ഉദുമയിൽ മാനുലാൽ മെലോത്ത്, കാഞ്ഞങ്ങാട് ബാലരാജ് എം, പയ്യന്നൂരിൽ എ പി ഗംഗാധരൻ, അഴീക്കോട് കെ കെ വിനോദ് കുമാർ, കണ്ണൂരിൽ സി രഘുനാഥ്. വയനാട് മേഖലയിൽ മാനന്തവാടിയിൽ (എസ് ടി) പി ശ്യാം രാജും സുൽത്താൻബത്തേരിയിൽ (എസ് ടി) കവിത എ എസും പട്ടികയിലിടം പിടിച്ചു.
ഷൊർണൂരിൽ ശങ്കു ടി ദാസ്, മലമ്പുഴയിൽ സി കൃഷ്ണകുമാർ, ചേലക്കരയിൽ (എസ് സി) കെ ബാലകൃഷ്ണൻ, മണലൂരിൽ അഡ്വ. കെ കെ അനീഷ് കുമാർ, ഇരിങ്ങാലക്കുടയിൽ സന്തോഷ് ചേരാകുളം, ദേവികുളത്ത് (എസ് സി) എസ് രാജേന്ദ്രൻ, വൈക്കത്ത് (എസ് സി) കെ അജിത്, കാഞ്ഞിരപ്പള്ളിയിൽ അഡ്വ. ജോർജ് കുര്യൻ എന്നിവരും മത്സരരംഗത്തുണ്ട്.
അമ്പലപ്പുഴയിൽ അരുൺ അനിരുദ്ധൻ, ഹരിപ്പാട് സന്ദീപ് വചസ്പതി, ചെങ്ങന്നൂരിൽ എം വി ഗോപകുമാർ, തിരുവല്ലയിൽ അനൂപ് ആന്റണി ജോസഫ്, കരുനാഗപ്പള്ളിയിൽ വി എസ് ജിതിൻ ദേവ്, കുന്നത്തൂരിൽ (എസ് സി) രാജി പ്രസാദ്, കൊട്ടാരക്കരയിൽ ആർ രശ്മി, ചാത്തന്നൂരിൽ ബി ബി ഗോപകുമാർ, നെടുമങ്ങാട് യുവരാജ് ഗോകുൽ, പാറശ്ശാലയിൽ അഡ്വ. ഗിരീഷ് നെയ്യാർ എന്നിവരെയും ആദ്യ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സമീപകാലത്ത് സി പി ഐ, കോൺഗ്രസ് പാർട്ടികളിൽ നിന്നും ബി ജെ പിയിൽ ചേർന്നവരും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുത്ത യോഗത്തിന് ശേഷമാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായതെന്ന് ബി ജെ പി വാർത്താക്കുറിപ്പിൽ അറിയിച്ചു.




































Discussion about this post