പയ്യോളി: സംസ്ഥാന സർക്കാർ ദരിദ്ര ജനവിഭാഗങ്ങൾക്ക് എല്ലാ മാസവും കുടുംബശ്രീ സി ഡി എസ് വഴി വിതരണം ചെയ്യുന്ന ആശ്രയ ഭക്ഷ്യക്കിറ്റ് വിതരണോദ്ഘാടനത്തിൽ നിന്നും നഗരസഭാധ്യക്ഷൻ പിന്മാറി. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് നഗരസഭ ചെയർമാൻ ഷഫീക്ക് വടക്കയിൽ ഉദ്ഘാടനം ചെയ്യുമെന്നറിയിച്ച്, പോസ്റ്റർ തയ്യാറാക്കി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു.
പോസ്റ്ററിൽ കുടുംബശ്രീയുടെ പേരോ, ലോഗോയോ ഉണ്ടായിരുന്നില്ല. ഇതാണ് പ്രതിഷേധത്തിന് ഇടയാക്കിയതും ചടങ്ങ് മുടങ്ങാനിടയായതും.
പോസ്റ്റർ, കുടുംബശ്രീയുടെയും നഗരസഭാംഗങ്ങളുടെയും വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചതോടെ, ഇതിനെതിരെ കുടുംബശ്രീ സി ഡി എസ് അംഗങ്ങളും ഇടതുപക്ഷ നഗരസഭാംഗങ്ങളും പ്രതിഷേധമുയർത്തി. സംഭവം വിവാദമായതോടെ പോസ്റ്റർ പിൻവലിച്ചു. തുടർന്ന് ഉദ്ഘാടന ചടങ്ങ് ഉപേക്ഷിക്കുകയായിരുന്നു.
ആശ്രയ കിറ്റ് വിതരണം തങ്ങളുടേതാക്കി മാറ്റി രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള യു ഡി എഫ് ഭരണസമിതിയുടെ ശ്രമമാണെന്നാരോപിച്ച് കുടുംബശ്രീയിൽ നിന്നും ഇടതുപക്ഷത്തുനിന്നും പ്രതിഷേധമുയർന്നു.
വിഷുവിനോടനുബന്ധിച്ച് ദരിദ്ര ജനവിഭാഗങ്ങൾക്ക് പയ്യോളി നഗരസഭ കിറ്റ് വിതരണം ചെയ്തു എന്ന് വരുത്തിത്തീർത്ത് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള സങ്കുചിതവും ഹീനവുമായ ശ്രമമാണ് പയ്യോളി നഗരസഭാ ഭരണാധികാരികളുടെ ഭാഗത്തുനിന്നുണ്ടായതെന്ന് നഗരസഭ കൗൺസിലറും, മുതിർന്ന സിപിഐ എം നേതാവുമായ ടി ചന്തു ആരോപിച്ചു.
Discussion about this post