തിരുവനന്തപുരം: അസാനി തീവ്ര ചുഴലിക്കാറ്റ് ഇന്ന് തീരംതൊടുമെന്ന് ഐ എം ഡി. ആന്ധ്രാപ്രദേശിലെ കാക്കിനഡ കരയ്ക്ക് സമീപമാണ് തീരം തൊടുകയെന്നും ശേഷം, ദിശ മാറി വിശാഖപട്ടണം തീരത്തേക്ക് പോകുമെന്നും മുന്നറിയിപ്പുണ്ട്. ആന്ധ്രാ തീരത്ത് രാവിലെ മുതൽ ശക്തമായ മഴ തുടരുകയാണ്.
അതേസമയം, ചുഴലിക്കാറ്റിനെ തുടർന്ന് കേരളത്തിൽ ശനിയാഴ്ച വരെ മഴ തുടരുമെന്നാണ് റിപ്പോർട്ട്. ഇന്ന് തിരുവനന്തപുരം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തമായ ഇടിമിന്നലിനും കാറ്റിനും സാദ്ധ്യതയുണ്ട്. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. കോട്ടയത്തിന്റെ കിഴക്കൻ ഭാഗങ്ങളിൽ ഇന്നലെ രാത്രി കനത്ത മഴ പെയ്തിരുന്നു. പലയിടങ്ങളിലും വൈദ്യുതി വിതരണം തടസപ്പെട്ടു.
ചുഴലിക്കാറ്റിനെ തുടർന്ന് അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ ആന്ധ്രയിലെ തീരദേശ ജില്ലകളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെലങ്കാനയിലും ചുഴലിക്കാറ്റിനെ തുടർന്ന് ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ലതായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒഡീഷയിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അടുത്ത 48മണിക്കൂർ ഹൈദരാബാദ് നഗരത്തിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ട്. ആന്ധ്രാപ്രദേശിലെ കാക്കിനഡ തീരദേശ റോഡ് താൽക്കാലികമായി അടച്ച് ഗതാഗതം പൂർണമായി നിരോധിച്ചിട്ടുണ്ട്. സംസ്ഥാനത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
Discussion about this post