മുംബൈ: നടൻ ഷാരൂഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെടുന്ന കേസിൽ കൂറുമാറിയ സാക്ഷി മരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് അഭിഭാഷകർ സ്ഥിരീകരിച്ചു. കേസിലെ മറ്റൊരു വിവാദ സാക്ഷിയായ കിരൺ ഗോസാവിയുടെ അംഗരക്ഷകൻ കൂടിയാണ് മരണപ്പെട്ട പ്രഭാകർ സെയിൽ.
കേസിലെ അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സമീർ വാംഖഡെയ്ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഇയാൾ ഉന്നയിച്ചിരുന്നത്. ആര്യൻഖാനെ അറസ്റ്റ് ചെയ്തത് ഷാരൂഖ് ഖാനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ വേണ്ടിയായിരുന്നു എന്നായിരുന്നു ആരോപണം. കേസിലെ മറ്റൊരു പ്രതിയായ കിരൺ ഗോസാവി ഇക്കാര്യം മറ്റൊരാളോട് സംസാരിക്കുന്നത് കേട്ടെന്നായിരുന്നു വെളിപ്പെടുത്തൽ. ആര്യൻ ഖാൻ അറസ്റ്റിലായതിന് പിറ്റേന്ന് ഗോസാവിക്ക് 50 ലക്ഷം രൂപ കിട്ടിയെന്നും പ്രഭാകർ ആരോപിച്ചിരുന്നു.
വിവാദമായ ലഹരി മരുന്ന് കേസിൽ ആര്യൻഖാനെതിരെ തെളിവുകളൊന്നും ഇല്ലെന്നായിരുന്നു നാർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോയുടെ കണ്ടെത്തൽ. നടപടിക്രമങ്ങൾ ഒന്നും തന്നെ പാലിക്കാതെയാണ് റെയ്ഡ് നടത്തിയതെന്നും ഗൂഡാലോചനാ വാദം നിലനിൽക്കില്ലെന്നും എൻസിബി പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു.
ആര്യൻ ഖാനെ ആഡംബര കപ്പലിൽ നിന്ന് അറസ്റ്റ് ചെയ്ത സംഭവത്തിൽ ദുരൂഹതകളും കൈക്കൂലി, പണംതട്ടൽ തുടങ്ങിയ ആരോപണങ്ങളും നിറഞ്ഞ സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തിന് എൻസിബി കേസ് കൈമാറിയത്.
ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സഞ്ജയ് കുമാർ ഐപിഎസിന്‍റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിന്‍റെ അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കും.
Discussion about this post