പാലക്കാട്: മലമ്പുഴ മലയിടുക്കിൽ നിന്ന് ഇന്ത്യൻ സൈന്യം രക്ഷപ്പെടുത്തിയ ചേറാട് സ്വദേശി ബാബുവിനെ ആശുപത്രിയിൽ എത്തിച്ചു. മലമുകളിൽ നിന്ന് എയർ ലിഫ്റ്റ് ചെയ്ത് കഞ്ചിക്കോട് എത്തിച്ച ശേഷം ആംബുലൻസിലാണ് ആശുപത്രിയിലേയ്ക്ക് എത്തിച്ചത്. കഞ്ചിക്കോട് നിന്നും പാലക്കാട് ജില്ലാ ആശുപത്രിയിലാണ് ബാബുവിനെ എത്തിച്ചത്. വ്യോമസേനയുടെ എംഐ17 എന്ന ഹെലികോപ്റ്ററാണ് എയർലിഫ്റ്റ് ചെയ്യാനായി എത്തിയത്. ബാബുവിനെ രാവിലെ സൈന്യം രക്ഷിച്ച് മുകളിലേക്ക് എത്തിച്ചിരുന്നു. ദൗത്യസംഘം ബാബുവിനെ സുരക്ഷാ ബെൽറ്റ് ധരിപ്പിച്ച് 400 മീറ്റർ മുകളിലേക്ക് ഉയർത്തുകയായിരുന്നു. കരസേനയുടെ രണ്ട് യൂണിറ്റുകളാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്. യുവാവിന്റെ കാലിൽ ചെറിയ പരിക്കുണ്ട്.
മലമ്പുഴയിലെ മലയിടുക്കിൽ കുടുങ്ങിക്കിടന്ന തന്നെ രക്ഷിച്ച സൈനികർക്ക് നന്ദി പറഞ്ഞ് ബാബു. ‘വെരി താങ്ക്‌സ് ഇന്ത്യൻ ആർമി, ഇന്ത്യൻ ആർമി കീ ജയ്, ഭാരത് മാതാ കീ ജയ്’ എന്ന് പറഞ്ഞുകൊണ്ട് ബാബു സൈനികർക്ക് മുത്തം നൽകുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ദീപക്, ബാല എന്നീ ഉദ്യോഗസ്ഥരാണ് രക്ഷാദൗത്യം വിജയിക്കാൻ കാരണമായത്.
നാൽപത്തിയാറ് മണിക്കൂറാണ് യുവാവ് മലയിടുക്കിൽ കുടുങ്ങിക്കിടന്നത്. ബാബുവും രണ്ട് സുഹൃത്തുക്കളും ചേർന്നാണ് തിങ്കളാഴ്ച രാവിലെ മലകയറിയത്. കുത്തനെയുള്ള മല കയറാൻ കഴിയാത്തതിനാൽ സുഹൃത്തുക്കൾ പാതിയിൽ തിരിച്ചിറങ്ങുകയായിരുന്നു. ബാബു മുകളിലേക്ക് കയറുകയും ചെയ്തു. ഉച്ചയോടെ തിരിച്ചിറങ്ങവേയാണ് കാൽവഴുതി മലയിടുക്കിലേക്ക് വീണത്. ചെങ്കുത്തായ മലയിൽ നിന്ന് വീണ യുവാവ് കഷ്ടിച്ച് മൂന്നടി വലിപ്പമുള്ള മടക്കിലാണ് കുടുങ്ങിയത്.
ബാബു ഫോൺ ചെയ്ത് പറഞ്ഞതനുസരിച്ച് സുഹൃത്തുക്കൾ എത്തി വള്ളിയും മരക്കൊമ്പും ഇട്ടുകൊടുത്ത് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് ഇവർ മലയിറങ്ങി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ബാബു തന്നെയാണ് വിവരം പൊലീസിനെ വിളിച്ച് അറിയിച്ചത്.
Discussion about this post