കണ്ണൂർ: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയും സിപിഎം പ്രവര്‍ത്തകനുമായി അറിയപ്പെടുന്ന അര്ജുന് ആയങ്കിയ്ക്കെതിരെ കാപ്പ ചുമത്തി.അര്ജുന് കണ്ണൂര്‍ ജില്ലയില്‍ പ്രവേശന വിലക്കേര്‍പ്പെടുത്തി. ഡിഐജി രാഹുല്‍ ആര്. നായരുടേതാണ് ഉത്തരവ്. കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണറുടെ ശുപാര്‍ശ സ്വീകരിച്ചാണ് റേഞ്ച് ഡിഐജി ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. നിലവില്‍ കസ്റ്റംസ് കേസില്‍ ജാമ്യ വ്യവസ്ഥയില്‍ തുടരുകയാണ് അര്ജുന് ആയങ്കി. സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ കേസുകളില്‍ ഉള്‍പ്പെട്ട അര്ജുന് ആയങ്കി സ്ഥിരം കുറ്റവാളിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കാപ്പ ചുമത്താന്‍ സിറ്റി പൊലീസ് കമ്മിഷണര്‍ക്കും ജില്ലാ കളക്ടര്‍ക്കും ശുപാര്‍ശ നല്‍കിയിരുന്നത്.
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് മുഖ്യ പ്രതിയായ അര്ജുന് ആയങ്കിക്കെതിരേ കാപ്പ ചുമത്തണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്.ഇളങ്കോയാണ് ഡി.ഐ.ജി രാഹുല്‍ നാഹുല്‍ ആര്.നായര്‍ക്ക് ശുപാര്‍ശ നല്‍കിയത്. സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ കേസുകളുള്ള അര്ജുന് ആയങ്കി സ്ഥിരം കുറ്റവാളിയാണെന്നാണ് പൊലീസ് റിപ്പോര്‍ട്ടിലുള്ളത്. ഓപ്പറേഷന് കാവലിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. സമൂഹ മാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് കാട്ടി അര്ജുന് ആയങ്കിക്കെതിരേ ഡിവൈഎഫ്ഐ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് നടപടി.
സമൂഹ മാധ്യമങ്ങളില്‍ സ്വീകാര്യത കിട്ടാന്‍ പി.ജയരാജന്റെ കൂടെ നിന്ന് ഫോട്ടോയെടുത്ത് അതുപയോഗിച്ചാണ് ആയങ്കിയും ആകാശ് തില്ലങ്കരിയും അടക്കമുള്ള സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘങ്ങളുടെ പ്രവര്‍ത്തനം എന്നായിരുന്നു ഡിവൈഎഫ്ഐയുടെ ആരോപണം. ഒരാളെ കൊല്ലാനും പാര്‍ട്ടി ഇവരെ പറഞ്ഞുവിട്ടില്ലെന്നും ഭീഷണി വേണ്ടെന്നും ഡിവൈഎഫ്ഐ നേതാവ് മനുതോമസ് പ്രതികരിച്ചിരുന്നു. എന്നാല്‍ അനാവശ്യമായി ദ്രോഹിച്ചാല്‍ പലതും തുറന്ന് പറയാന്‍ ഞാനും നിര്‍ബന്ധിക്കപ്പെടുമെന്ന് പറഞ്ഞ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അര്ജുന് ആയങ്കി രംഗത്ത് വന്നിരുന്നു. തുടര്‍ന്നാണ് അടിയന്തരമായി ആയങ്കിക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പൊലീസിനെ സമീപിച്ചത്.
കണ്ണൂര്‍ ജില്ലയിലെ വിവിധ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ പ്രതിയായിരുന്ന അര്ജുന് ആയങ്കി ലഹരി കടത്തുകാരുമായി അടുത്തതോടെയാണ് ഡിവൈഎഫ്ഐയുമായി അകലുന്നത്. 2021 ജൂണ്‍മാസം അര്ജുന് ആയങ്കിയെ കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഓഗസ്റ്റില്‍ കര്‍ശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം നല്കി.
Discussion about this post