ദില്ലി: പാവപ്പെട്ടവരിൽ നിന്ന് പണം നൽകി വൃക്ക വാങ്ങി ആവശ്യക്കാർക്ക് ഉയർന്ന വിലക്ക് നൽകുന്നുവെന്ന വാർത്ത തികച്ചും അടിസ്ഥാന രഹിതമാണെന്ന് ഇന്ദ്രപ്രസ്ഥ മെഡിക്കൽ കോർപ്പറേഷൻ ലിമിറ്റഡ് (ഐഎംസിഎൽ) അറിയിച്ചു. മ്യാൻമറിലെ ദരിദ്രരിൽ നിന്ന് അനധികൃതമായി വൃക്ക വാങ്ങി ‘ക്യാഷ് ഫോർ കിഡ്‌നി’ റാക്കറ്റിന്റെ ഭാഗമാണ് ഇന്ദ്രപ്രസ്ഥ മെഡിക്കൽ കോർപ്പറേഷൻ ലിമിറ്റഡെന്ന് യുകെ കേന്ദ്രമായ ദ ടെലഗ്രാഫ് ദിനപത്രം റിപ്പോർട്ട് ചെയ്തിരുന്നു. രാജ്യത്തെ ഏറ്റവും വലിയ ആശുപത്രി ഗ്രൂപ്പുകളിലൊന്നായ അപ്പോളോ ഹോസ്പിറ്റൽസിന്റെ ഭാഗമാണ് ഐഎംസിഎൽ
ഡിസംബർ മൂന്നിനാണ് റിപ്പോർട്ട് പുറത്തുവിട്ടത്. മ്യാൻമറിൽ നിന്നുള്ള യുവാക്കൾ ദാരിദ്ര്യം കാരണം അവരുടെ അവയവങ്ങൾ വിൽക്കാൻ നിർബന്ധിപ്പിക്കപ്പെടുകയാണെന്ന് ദ ടെലഗ്രാഫ് പത്രം ആരോപിച്ചു. എന്നാൽ, ഐഎംസിഎല്ലിനെതിരെ അന്താരാഷ്ട്ര മാധ്യമങ്ങളിൽ ഉന്നയിച്ച ആരോപണങ്ങൾ തികച്ചും തെറ്റാണെന്നും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും എല്ലാ വസ്തുതകളും ബന്ധപ്പെട്ട പത്രപ്രവർത്തകനോട് വിശദമാക്കിയെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. അവയവദാന ശസ്ത്രക്രിയ എല്ലാ നിയമപരവും ധാർമ്മികവുമായ നടപടികളും പാലിച്ച ശേഷം മാത്രമേ നടത്താറുള്ളൂവെന്നും ഐഎംസിഎൽ വക്താവ് പറഞ്ഞു.
ഇന്ത്യയുടെ ട്രാൻസ്പ്ലാൻറേഷൻ ഓഫ് ഹ്യൂമൻ ഓർഗൻസ് ആക്ട് പ്രകാരം, പങ്കാളികൾ, സഹോദരങ്ങൾ, മാതാപിതാക്കൾ, കൊച്ചുമക്കൾ തുടങ്ങിയ അടുത്ത ബന്ധുക്കൾക്ക് അവയവങ്ങൾ ദാനം ചെയ്യാമെന്നും നിയമം അനുവദിക്കുന്ന സാഹചര്യങ്ങളിലൊഴികെ പുറത്തുനിന്നുള്ളവരിൽ നിന്നുള്ള അവയവദാനം നിയന്ത്രിച്ചിരിക്കുന്നുവെന്നും വക്താവ് പറഞ്ഞു.
Discussion about this post