പയ്യോളി: ജീവിത പരീക്ഷകൾ എഴുതിത്തീർക്കാൻ കാത്ത് നിൽക്കാതെ ജീവനൊടുക്കിയ പതിനഞ്ചുകാരിയായ അനുശ്രീയുടെ ചേതനയറ്റ ശരീരത്തിന് മുന്നിൽ കണ്ണീരൊഴുക്കി ഉറ്റവരും നാടും. ബന്ധുക്കൾ, കുഞ്ഞിൻ്റെ തണുത്ത നെറ്റിയിൽ അന്ത്യ ചുംബനമർപ്പിക്കുമ്പോൾ ചുറ്റും കൂടി നിന്നവരുടെ വിതുമ്പലുകൾ നിലവിളികളായി മാറി.
ചടങ്ങുകൾ പൂർത്തിയാക്കി 12.30 യോടെ മൃതദേഹം ചിതയിലേക്കെടുത്തപ്പോൾ ബന്ധുക്കളും സഹപാഠികളും അധ്യാപിക – അധ്യാപകരും നാട്ടുകാരും വാവിട്ട് കരയുകയായിരുന്നു. ദുഃഖം താങ്ങാനാവാതെ അമ്മയും സഹോദരിയും ഇടയ്ക്കിടെ അബോധാവസ്ഥയിലായി. ഒന്നിനുമാവാതെ, പൊന്നുമോളുടെ വേർപാടിൽ തളർന്ന് അച്ഛനും.
പൂമ്പാറ്റയായിരുന്നു അവൾ. നാട്ടുകാർക്കും സഹപാഠികൾക്കും അധ്യാപകർക്കും പ്രിയപ്പെട്ട പത്താം ക്ലാസുകാരി മിടുക്കിക്കുട്ടി. പഠനത്തിൽ മികവ് പുലർത്തിയവൾ. അയനിക്കാട് പോസ്റ്റ് ഓഫീസിന് സമീപം പുത്തൻപുരയിൽ ജയദാസൻ്റെ രണ്ടു പെൺകുട്ടികളിൽ ഇളയവൾ. പ്രത്യേകിച്ച്, മറ്റ് പ്രശ്നങ്ങളൊന്നുമില്ലാതിരിക്കെ, ഫിസിക്സ് പരീക്ഷയെഴുതി വീട്ടിലെത്തിയ ഉടനെ, മുകളിലെ മുറിയിൽ കയറി ജീവനൊടുക്കിയെന്നത് വിശ്വസിക്കാനാവുന്നില്ല, ബന്ധുക്കൾക്കും നാട്ടുകാർക്കും. മാത്സും ഫിസിക്സും നന്നായെഴുതാൻ കഴിയാത്തതിൻ്റെ വിഷമം സഹോദരിയുമായും സുഹൃത്തുക്കളുമായും അനുശ്രീ പങ്കുവെച്ചിരുന്നുവത്രെ. എന്നാലും, അതൊരു മരണ കാരണമായെടുക്കാൻ കഴിയുന്നില്ലാർക്കും.
മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടം പൂർത്തിയാക്കി 11.30 മണിയോടെയാണ് മൃതദേഹം, വീട്ടിലെത്തിച്ചത്. ഒരു നോക്കു കാണാനും അന്തിമോപചാരമർപ്പിക്കാനും വീട്ടുമുറ്റത്തും ഇടവഴികളിലും ബന്ധുക്കളും നാട്ടുകാരും നിറഞ്ഞിരുന്നു. ഒരു മണിക്കൂറിനുള്ളിൽ ചടങ്ങുകൾ പൂർത്തിയാക്കി മൃതദേഹം ചിതയിലേക്കെടുത്തു.
നിയോജക മണ്ഡലം എം എൽ എ കാനത്തിൽ ജമീല, നഗരസഭാധ്യക്ഷൻ ഷഫീഖ് വടക്കയിൽ, സ്ഥിരം സമിതി അധ്യക്ഷരായ പി എം ഹരിദാസ്, കെ ടി വിനോദ്, നഗരസഭാംഗങ്ങളായ ടി ചന്തു മാസ്റ്റർ, കായിരി കണ്ടി അൻവർ, സി പി ഐ എം ഏരിയ സെക്രട്ടറി എം പി ഷിബു, സബീഷ് കുന്നങ്ങോത്ത്, മുസ്ലീം ലീഗ് നിയോജക മണ്ഡലം ട്രഷറർ മഠത്തിൽ അബ്ദുറഹ്മാൻ, കെ പി റാണാ പ്രതാപ്, പയ്യോളി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പ്രധാനാധ്യാപകൻ കെ എൻ ബിനോയ്കുമാർ തുടങ്ങിയവരും അന്തിമോപചാരമർപ്പിക്കാൻ എത്തിയിരുന്നു.
Discussion about this post