കോഴിക്കോട്: മെഡിക്കൽ കോളേജിൽ നടന്ന സെമിനാറിൽ വിഷ പാമ്പുകളെ പ്രദർശിപ്പിച്ചെന്ന കേസിൽ വാവ സുരേഷിന് മുൻകൂർ ജാമ്യം അനുവദിച്ച് ഹെെക്കോടതി. വനം വന്യജീവിസംരക്ഷണ നിയമപ്രകാരമാണ് വാവ സുരേഷിനെതിരെ വനം വകുപ്പ് കേസ് എടുത്തത്. അന്വേഷണത്തിന് കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്ന വിലയിരുത്തിയാണ് മുൻകൂർ ജാമ്യം നൽകിയത്.ജനുവരി ആറിന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായി
ചോദ്യം ചെയ്യലിന് വിധേയനാകണമെന്നും കോടതി നിർദേശിച്ചു. 50000 രൂപ ജാമ്യത്തുകയും രണ്ടാൾ ജാമ്യവും നൽകണം. ജാമ്യവ്യവസ്ഥകൾ ലംഘിച്ചാൽ ജാമ്യം റദ്ദ് ചെയ്യാൻ കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസ് വിജു എബ്രഹാം വ്യക്തമാക്കി.കോഴിക്കോട് മെഡിക്കൽ കോളേജിലെ നഴ്സിങ് സർവീസ് ഡിപ്പാട്ട്മെന്റും, ക്ലിനിക്കൽ നഴ്സിങ് എജുക്കേഷനും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു വാവ സുരേഷ് ക്ലാസെടുത്തത്. ക്ലാസ് എടുക്കുന്നതിനിടെ മൈക്ക് ഓഫായപ്പോൾ മൂർഖൻ പാമ്പിനെ മൈക്കാക്കി ഉപയോഗിച്ചത്
വിവാദമായിരുന്നു. സംഭവത്തിൽ ആശുപത്രിക്കെതിരേയും വാവ സുരേഷിനെതിരേയും രൂക്ഷ വിമർശനം ഉയർന്നിരുന്നു. നിരവധി തവണ വാവ സുരേഷിന് പാമ്പു കടിയേറ്റിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ കോട്ടയം നീലംപേരൂരിൽ വെച്ച് വാവ സുരേഷിന് മൂർഖന്റെ കടിയേറ്റിരുന്നു. പിടികൂടിയ പാമ്പിനെ ചാക്കിൽ കയറ്റുന്നതിനിടെ തുടയിൽ കടിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ സുരേഷിനെ ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് കോട്ടയം മെഡിക്കൽ കോളോജിലേക്കും മാറ്റി. ന്യൂറോ, കാർഡിയാക് വിദഗ്ധർമാർ അടങ്ങുന്ന ആറംഗ വിദഗ്ദ്ധ സംഘത്തിന്റെ ചികിത്സയ്ക്ക് ശേഷമാണ് വാവ സുരേഷ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്.
Discussion about this post