കൊച്ചി: സിനിമാ നടീനടന്മാർ ഉൾപ്പെടെയുള്ള പ്രമുഖരുടെ മേക്കപ്പ്മാനായ എറണാകുളം ചക്കരപ്പറമ്പ് സ്വദേശിയും ബ്രൈഡൽ മേക്കപ്പ് ആർട്ടിസ്റ്റുമായ അനീസ് അൻസാരിക്കെതിരെ വിദേശ മലയാളിയായ യുവതി കൂടി കമ്മീഷണർക്ക് പരാതി നൽകി.
ഓസ്ട്രേലിയയിൽ ജോലി ചെയ്യുന്ന മലയാളിയായ യുവതി ഒൻപതു മണിയോടുകൂടിയാണ് ഇമെയിലിലൂടെ കമ്മീഷണർക്ക് പരാതി നൽകിയത്. വിവാഹസമയത്ത് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് എന്ന നിലയിൽ അനീസ് അൻസാരിയെ സമീപിക്കുകയായിരുന്നെന്നും മേക്കപ്പ് ചെയ്യുന്നതിനിടെ ശാരീരികമായി ഉപദ്രവിച്ചുവെന്നുമാണ് പരാതി. വിവാഹസമയം ആയിരുന്നതിനാൽ പരാതി നൽകാൻ ഭയപ്പെട്ടുവെന്നും യുവതി പറഞ്ഞു. അനീസിനെതിരെ മറ്റ് പരാതികൾ ഉയർന്നതോടെയാണ് രംഗത്തുവരുന്നതെന്നും പരാതിയിൽ പറയുന്നു. ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയാണെങ്കിൽ കൂടുതൽ മൊഴി നൽകാൻ തയ്യാറാണെന്നും യുവതി പരാതിയിൽ വെളിപ്പെടുത്തി.
എന്നാൽ ഇത്തരത്തിൽ അനീസിനെതിരെ നിരവധി പരാതികൾ ലഭിക്കുന്നുണ്ടെന്നും എന്നാൽ പലതും രേഖാമൂലമുള്ള പരാതികളായി പരിഗണിക്കാൻ സാധിക്കില്ലെന്നുമാണ് പൊലീസ് പറയുന്നത്. ഇത്തരം പരാതികൾ കോടതി തള്ളിക്കളയാനുള്ള സാദ്ധ്യതയുള്ളതായും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ഇവ ഒപ്പിട്ടു നൽകിയാൽ മാത്രമേ രേഖാമൂലമുള്ള പരാതികളായി പരിഗണിക്കാൻ സാധിക്കുകയുള്ളൂ. അതിനാൽ യുവതിയുമായി ബന്ധപ്പെട്ട് രേഖാമൂലമുള്ള പരാതി ലഭ്യമാക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. മേക്കപ്പ് ആർട്ടിസ്റ്റായ അനീസ് അൻസാരി ഇപ്പോഴും ഒളിവിലാണ്.
Discussion about this post