കീഴരിയൂർ: സംഘർഷ കലുഷിതമായ കീഴരിയൂർ നടുവത്തൂരിലെ ആനപ്പാറ ക്വാറിയിൽ പുതിയ സമരതന്ത്രത്തിൽ വിയർത്ത് പോലീസ്. ബഹുജന മുന്നേറ്റം സമരക്കാരോടൊപ്പമായതോടെ പോലീസും സംയമനം പാലിച്ചു. ഇതോടെ ആനപ്പാറയിൽ ഉരുണ്ടുകൂടിയ സംഘർഷത്തിന് അയവ് വന്നു. കോൺഗ്രസ്സ്, ബി ജെ പി നേതാക്കളുടെ സമരപന്തൽ സന്ദർശനവും പിന്തുണ പ്രഖ്യാപനം സമരക്കാർക്ക് തെല്ലൊന്നുമല്ല ആവേശം നൽകിയത്.
സമരം പുരോഗമിക്കുന്നതോട് കൂടെ പുതിയ സമരതന്ത്രങ്ങൾക്കാണ് ക്വാറിവിരുദ്ധ സമരസമിതി രൂപം നൽകുന്നത്. ഇന്ന്, ക്വാറിക്ക് സമീപം അമ്പതോളം സ്ത്രീകൾ ഉണ്ടായിരുന്നുവെങ്കിലും മൂന്നു പേർ വീതം ലോറി തടയാനാണ് തീരുമാനിച്ചത്. വൻ സന്നാഹം സ്ഥലത്തുണ്ടായിരുന്നുവെങ്കിലും പോലീസ് സമരക്കാരായ സ്ത്രീകളെ അറസ്റ്റ് ചെയ്യാൻ തയ്യാറാകാതെ അനുനയത്തിൻ്റെ പാതയാണ് സ്വീകരിച്ചത്. ഇത്, സമരമുഖത്ത് സംഘർഷമില്ലാതാക്കി.
കോൺഗ്രസ് നേതാക്കളായ ഡി സി സി സെക്രട്ടറി ഇ അശോകൻ, രാജേഷ് കീഴരിയൂർ ,ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് കെ പി വേണുഗോപാൽ, മണ്ഡലം പ്രസിഡണ്ട് ഇടത്തിൽ ശിവൻ എന്നിവർ സംസാരിച്ചതിനെ തുടർന്ന്, ആർ ഡി ഒ / കലക്ടർ എന്നിവർ വിളിക്കുന്ന ചർച്ചക്ക് ശേഷം മാത്രമേ ക്വാറി പ്രവർത്തിക്കൂ എന്ന് പൊലീസും ക്വാറി മാനേജരും ഉറപ്പ് നൽകി. അതേസമയം, സമരം വീണ്ടും തുടരുകയാണ്.
ബി ജെ പി ജില്ലാ പ്രസിഡണ്ട് വി കെ സജീവനും സംഘവും ക്വാറി മുഴുവൻ നോക്കിക്കണ്ട് ക്വാറി ഉടമയോട് പ്രതിഷേധം അറിയിച്ചു. സമരപന്തലിന് മുന്നിൽ ബിജെപി ജില്ല പ്രസിഡണ്ട് പ്രസംഗിച്ചു. സമരത്തിന് എല്ലാവിധ പിന്തുണയും ബി ജെ പി നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
നേരത്തെ ക്വാറിയിലെത്തിയ ഡിസിസി ഭാരവാഹികളടക്കമുള്ള കോൺഗ്രസ്സ് നേതാക്കളും, പഞ്ചായത്തംഗം കെ സി രാജനും 25 ഓളം കോൺഗ്രസ് പ്രവർത്തകരും ക്വാറിയിലെത്തിയത് സമരക്കാർക്ക് ആവേശം പകർന്നു.
Discussion about this post