കൊയിലാണ്ടി: കീഴരിയൂർ നടുവത്തൂരിലെ ആനപ്പാറ ക്വാറിവിരുദ്ധ സമരത്തിനിടെയുണ്ടായ സംഘർഷത്തിൽ ക്വാറി മാനേജർക്ക് നേരെയുണ്ടായ അക്രമത്തിൽ രണ്ട് പേർക്കെതിരെ വധശ്രമത്തിന് കേസ്സെടുത്തു. നടുവത്തൂർ കുപ്പേരിക്കണ്ടി അസിൻ ദാസ് (25 ), നടുവത്തൂർ പൂവൻ കണ്ടി ജിതേഷ് (35) എന്നിവർക്കെതിരെയാണ് കൊയിലാണ്ടി പോലീസ് കേസ്സെടുത്തത്. ഇന്നലെയാണ് സംഘർഷമുണ്ടായത്. മാനേജർ ഫാറുഖ് കോളെജ് സ്വദേശി മൊയ്‌തീൻ കുട്ടിയുടെ പരാതി പ്രകാരമാണ് കേസ്സെടുത്തത്. അറസ്റ്റിലായവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ക്വാറിയുടെ പ്രവർത്തനം സമീപത്തെ വീടുകൾക്ക് വിള്ളലുകളുണ്ടാക്കിയതിനെ തുടർന്ന് സമരസമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ സമരം നടത്തിവരുകയായിരുന്നു. ഒരു മാസമായി ക്വാറിക്കെതിരെയുള്ള സമരം തുടങ്ങിയിട്ട്. കഴിഞ്ഞ ദിവസം ക്വാറിയിൽ പാറപൊട്ടിക്കുന്നത് കേട്ടതോടെ സ്ത്രീകളടക്കമുള്ള സമരക്കാർ ക്വാറിയിലേ ക്ക് ഇരച്ചുകയറി. കൊയിലാണ്ടി പോലീസെത്തി സമരക്കാരുമായി സംസാരിച്ചതിനെ തുടർന്നാണ് സംഘർഷമൊഴിവായത്. ക്വാറിയുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം തഹസിൽദാർ സർവകക്ഷി യോഗം വിളിച്ചിരുന്നുവെങ്കിലും തീരുമാനമാകാതെ പിരിയുകയായിരുന്നു.
Discussion about this post