മേപ്പയൂർ: കീഴരിയൂരിലെ നടുവത്തുർ ആനപ്പാറ ക്വാറി (നടുവത്തൂർ സ്‌റ്റോൺ ക്രഷർ ) യിൽ ഇപ്പോൾ ഖനനം നടക്കുന്ന സ്ഥലം തോട്ട ഭൂമിയാണെന്ന് വിവരവകാശ രേഖ പറയുന്നു. ആനപ്പാറ ആക്ഷൻ കമ്മിറ്റി ട്രഷറർ പി കെ ഷിജിത്ത്, കീഴരിയൂർ പഞ്ചായത്ത് സെക്രട്ടറിക്ക് വിവരവകാശ നിയമപ്രകാരം ഡി ആൻ്റ് ഒ ലൈസൻസിന് സമർപ്പിച്ച രേഖകളുടെ കോപ്പി ആവശ്യപ്പെട്ടപ്പോൾ, സെക്രട്ടറി നൽകിയ പൊസഷൻ സർട്ടിഫിക്കറ്റിലാണ് തോട്ട ഭൂമിയാണെന്ന് രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റിന്റെതടക്കമുള്ള രേഖകൾ കൈമാറിയത്. തോട്ട ഭൂമിയിലെ ഖനനം നിലവിലെ ചട്ടപ്രകാരം അനുവദനീയമല്ലെന്നും പാറപ്രദേശം മുഴുവനായി പൊട്ടിച്ച ശേഷം തോട്ട ഭൂമിയിലെ മണ്ണു തുരന്നാണ് ഇപ്പോൾ അവയ്ക്കിടയിലുള്ള പാറകൾ പൊട്ടിക്കുന്നത്.
ഖനനത്തിനായി സ്ഫോടനം നടത്തുമ്പോൾ പരിസരത്തെ വീടുകളിലേക്ക് കല്ലുകൾ ചിതറി തെറിച്ചതും പല വീടുകളുടെയും ചുവരുകൾക്ക് വിള്ളലുകൾ വന്നതോടെയുമാണ് പരിസരവാസികൾ പ്രതിഷേധവുമായി ക്വാറിക്കെതിരെ രംഗത്തു വന്നത്. സ്ത്രീകൾ ഉൾപ്പടെയുള്ളവർ സമരരംഗത്ത് വരികയായിരുന്നു. ക്വാറിയിൽ നിന്നുള്ള ഭാരം കയറ്റിയുള്ള ലോറികൾ പോരുന്നത് കാരണം നടുവത്തൂർ ശിവക്ഷേത്രം – കുറുമയിൽ താഴെ റോഡ് പാടെ തകർന്നിരിക്കുകയാണ്.
ഇപ്പോൾ കാൽനടയാത്രക്കാർക്ക് പോലും സഞ്ചരിക്കാൻ കഴിയാത്ത വിധം കണ്ടും കുഴിയുമായി. ഇരുചക്രവാഹനങ്ങളാണ് റോഡിൽ പലപ്പോഴും അപകടത്തിൽ പെടുന്നത്. നടുവത്തൂർ പ്രദേശത്തുള്ളവർക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രം, ഗവ ആയൂർവേദ ആശുപത്രി, സർക്കാർ മൃഗാശുപത്രി എന്നിവിടങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്ന റോഡാണിത്. കുറുമയിൽ താഴെ ഉള്ളവർക്ക് നടുവത്തൂർ യു.പി സ്ക്കൂളിനടുത്ത് പ്രവർത്തിക്കുന്ന മാവേലി സ്റ്റോർ, റേഷൻ കട, പാൽ സൊസൈറ്റി എന്നിവിടങ്ങളിലേക്ക് പോകാനും എളുപ്പത്തിലെത്തുന്ന റോഡാണിത്. ക്വാറിയിലേക്ക് പോകുന്ന കൂറ്റൻ ലോറികൾ ഈ റോഡിലൂടെ ഇടതടവില്ലാതെ സഞ്ചരിക്കുന്നത് കാരണം റോഡ് കണ്ടും കുഴിയുമായി മാറി.
ഇപ്പോൾ ഓട്ടോറിക്ഷ വിളിച്ചാൽ ഈ റോഡിലൂടെ വരില്ല. ക്വാറി മാനേജ്മെൻ്റ് റോഡ് സ്വകാര്യ സ്വത്തായി ഉപയോഗിക്കുന്നു എന്നാണ് ‘നാട്ടുകാർക്കുള്ള പരാതി. റോഡിൻ്റെ പരിതാപകരമായ അവസ്ഥ ആരും ശ്രദ്ധിക്കുന്നില്ല. കണ്ടും കഴിയുമായി റോഡിലെ യാത്ര ദുഷ്കരമാവുകയും ക്വാറി പ്രവർത്തനത്തിൻ്റെ ദുരന്ത പാതയായി റോഡ് മാറി എന്നുമാണ് നാട്ടുകാർക്കുള്ള പരാതിയുണ്ട്.
Discussion about this post