മുംബൈയിലെ ഒരു ഫ്ളാറ്റിന്റെ വിലയേക്കാൾ കുറഞ്ഞ വിലയ്ക്ക് ഒരു ദ്വീപ് വാങ്ങാൻ കഴിയുമെന്ന് പറഞ്ഞാൽ നിങ്ങൾക്ക് വിശ്വസിക്കാനാകുമോ? അതും അമേരിക്കയിൽ. എന്നാലിത് സത്യമാണ്. മധ്യ അമേരിക്കയിലെ നിക്കരാഗ്വ ബ്ലൂഫീൽഡിൽ നിന്ന് 195 കിലോമീറ്റർ അകലെയുള്ള ഇഗ്വാന ദ്വീപാണ് വിൽക്കാൻ വച്ചിരിക്കുന്നത്. വിലയാണെങ്കിലോ വെറും 3.76 കോടി രൂപ.
അഞ്ചേക്കർ വിസ്തൃതിയുള്ള ദ്വീപിൽ മൂന്ന് മുറികളുള്ള ഒരു ആഢംബര വീട്. കൂടാതെ ഒരു ഹാൾ, അടുക്കള, ബാർ, ലിവിങ് ഏരിയ, സ്വിമ്മിങ് പൂൾ, തുടങ്ങിയവയുമുണ്ട്. ചുറ്റുമുള്ള പ്രകൃതി ഭംഗി ആസ്വദിക്കുന്നതിന് 28 അടി ഉയരത്തിലുള്ള ഒരു വാച്ച് ടവറും ദ്വീപിലുണ്ട്.
നിറയെ വാഴയും തെങ്ങുകളും നിറഞ്ഞ ദ്വീപിൽ വൈഫൈ, ടിവി, ഫോൺ തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളെല്ലാമുണ്ട്.
ദ്വീപിലെ ജോലിക്കാർക്ക് താമസിക്കുന്നതിനായി മറുഭാഗത്ത് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ആവശ്യമെങ്കിൽ ഒരു നീന്തൽ കുളം കൂടി നിർമിക്കാനുള്ള സ്ഥല സൗകര്യവും ദ്വീപിലുണ്ട്. ചൂണ്ടയിടുന്നതിനും ഇവിടെ സൗകര്യങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.
ഈ ദ്വീപ് സ്വന്തമാക്കാൻ താൽപര്യമുള്ളവർക്ക് പ്രൈവറ്റ് ഐലൻഡ് ഓൺലൈൻ എന്ന വെബ്സൈറ്റിൽ നിക്കരാഗ്വ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് ഇഗ്വാന ദ്വീപിന്റെ വിശദാംശങ്ങൾ കാണാവുന്നതാണ്. നിലവിൽ വിൽപ്പനക്ക് വച്ചിരിക്കുന്ന ഈ ദ്വീപ് ഓൺലൈൻ ലേലത്തിൽ പങ്കെടുത്ത് നിങ്ങൾക്കും സ്വന്തമാക്കാം.
Discussion about this post