കൊച്ചികുട്ടികള്‍ ഗര്‍ഭിണികളാകുന്ന സംഭവങ്ങള്‍ വര്‍ധിച്ചു വരുന്നതില്‍ ഹൈക്കോടതി കടുത്ത ആശങ്ക പ്രകടിപ്പിച്ചു. സ്‌കൂളുകളില്‍ നിലവിലെ ലൈംഗിക വിദ്യാഭ്യാസം പര്യാപ്തമാണോ എന്നതില്‍ പുനഃപരിശോധന വേണമെന്നു ജസ്റ്റിസ് വി ജി അരുണ്‍ വ്യക്തമാക്കി.

പ്രായപൂര്‍ത്തിയാകാത്ത സഹോദരനില്‍നിന്നു ഗര്‍ഭിണിയായ പതിമൂന്നുകാരിയുടെ 30 ആഴ്ച വളര്‍ച്ചയെത്തിയ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കിക്കൊണ്ടാണു കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഇന്റര്‍നെറ്റും സമൂഹമാധ്യമങ്ങളും സുരക്ഷിതമായി ഉപയോഗിക്കുന്നതിനെക്കുറിച്ചു കുട്ടികള്‍ക്കു ബോധവല്‍ക്കരണം അത്യാവശ്യമാണെന്നും കോടതി പറഞ്ഞു.

പല കേസുകളിലും പ്രായപൂര്‍ത്തിയാകാത്ത അടുത്ത ബന്ധുക്കള്‍ തന്നെയാണ് ഗര്‍ഭധാരണത്തിന് ഉത്തരവാദികള്‍. ഇന്‍റർനെറ്റില്‍ ലഭ്യമാകുന്ന അശ്ലീല വിഡിയോകള്‍ കുട്ടികളെയും കൗമാരക്കാരെയും വഴിതെറ്റിക്കുകയും തെറ്റായ ചിന്തകളിലേക്കു നയിക്കുകയുമാണെന്നു കോടതി പറഞ്ഞു. ഈ കേസില്‍ ഗര്‍ഭധാരണത്തിന് ഉത്തരവാദി അടുത്ത ബന്ധു ആണെന്നതും പരിഗണിച്ച കോടതി 30 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കി. സര്‍ക്കാര്‍ ആശുപത്രിയില്‍ ഇതിനായി മെഡിക്കല്‍ ടീമിനെ നിയോഗിക്കണം. കുഞ്ഞിനെ ജീവനോടെ പുറത്തെടുക്കാന്‍ സാധിച്ചാല്‍ മികച്ച ചികിത്സ ഉറപ്പാക്കണം. കുഞ്ഞിനെ ഏറ്റെടുക്കാന്‍ വീട്ടുകാര്‍ താല്‍പര്യം പ്രകടിപ്പിക്കുന്നില്ലെങ്കില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ നിയമപ്രകാരം സൗകര്യം ഏര്‍പ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചു.





































Discussion about this post