പെരിന്തല്‍മണ്ണ: പ്രണയം നിരസിച്ചതിന്റെ വിരോധത്തില്‍ 14-കാരിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച 22-കാരന്‍ അറസ്റ്റില്‍. കുത്താന്‍ ശ്രമിക്കുന്നതിനിടെ യുവാവിനെ തള്ളിയിട്ടതിനാല്‍ പെണ്‍കുട്ടി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മണ്ണാര്‍മല പച്ചീരി വീട്ടില്‍ ജിനേഷി (22)നെ പൊലീസ് അറസ്റ്റുചെയ്തു.
വ്യാഴാഴ്ച രാവിലെ എട്ടോടെ ആനമങ്ങാട് ടൗണിലെ ട്യൂഷന്‍ സെന്ററിന് സമീപമാണ് സംഭവം. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: വ്യാഴാഴ്ച രാവിലെ വീട്ടില്‍നിന്ന് ബാഗില്‍ കത്തിയുമായി ഇയാള്‍ ആനമങ്ങാട് എത്തി. ട്യൂഷന്‍ സെന്ററിന്റെ സമീപത്തുവെച്ച് കുട്ടിയെ തടഞ്ഞുനിര്‍ത്തി കുത്താന്‍ ശ്രമിച്ചു.
കുത്താനായുന്നതു കണ്ട് കുട്ടി യുവാവിനെ തള്ളിയിട്ടു. വീഴ്ചയില്‍ കത്തി തെറിച്ചുപോയി. പെണ്‍കുട്ടി ബഹളംവെച്ച് ആളുകള്‍ എത്തുന്നതിനിടെ പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതിനിടെ വന്ന വാഹനത്തില്‍ തട്ടി വീണ്ടും വീണു.വീഴ്ചയില്‍ ജിനേഷിന്റെ കൈക്ക് പരിക്കേറ്റു. തുടര്‍ന്ന് പോലീസെത്തി ജിനേഷിനെ കസ്റ്റഡിയിലെടുത്തു.
പെണ്‍കുട്ടിയുടെ പരാതിയില്‍ മൊഴിയെടുത്തശേഷം കൊലപാതകശ്രമത്തിനുള്ള വകുപ്പും പോക്സോ വകുപ്പുകളും പ്രകാരം കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എസ് ഐ സി കെ നൗഷാദിന്റെ നേതൃത്വത്തില്‍ എ എസ് ഐ കെ ജെ ബൈജു, സീനിയര്‍ സി പി ഒ രമണി, സി പി ഒ ഷജീര്‍ എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷിച്ചത്.
Discussion about this post