തിരുവനന്തപുരം:അമ്പലമുക്കിലെ ചെടിവിൽപ്പനശാലയിലെ ജീവനക്കാരിയായ വിനിതമോളെ കൊലപ്പെടുത്തിയ പ്രതിയെന്ന് സംശയിക്കുന്നയാൾ പിടിയിൽ. തമിഴ്നാട്ടിൽ നിന്നുമാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കന്യാകുമാരി സ്വദേശിയായ രാജേഷ് എന്ന യുവാവാണ് പൊലീസ് കസ്റ്റഡിയിലുള്ളതെന്നാണ് ലഭിക്കുന്ന വിവരം. പേരൂർക്കടയിലെ ഹോട്ടലിലെ ജീവനക്കാരനാണ് ഇയാൾ. മോഷണം ലക്ഷ്യമിട്ടാണ് ഇയാൾ യുവതിയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് നൽകുന്ന സൂചന. പ്രതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല. കസ്റ്റഡിയിലുള്ള പ്രതിയെ ഇപ്പോൾ ചോദ്യം ചെയ്യുന്നതായിട്ടാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ഞായറാഴ്ച പകലാണ് നഗരത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്. അമ്പലനഗറിൽ ടാബ്സ് ഗ്രീൻടെക് അഗ്രിക്ലിനിക്ക് അലങ്കാരച്ചെടിക്കടയിലെ ജീവനക്കാരി നെടുമങ്ങാട് കരിപ്പൂര് ചാരുവിളക്കോണത്ത് വീട്ടിൽ വിനിതമോളാണ് (38) കൊല്ലപ്പെട്ടത്.
വിനിത മോളുടെ മൃതദേഹത്തിൽ കഴുത്തിൽ ആഴത്തിലുളള മൂന്ന് കുത്തുകളേറ്റിട്ടുണ്ടായിരുന്നു. പുല്ലുവെട്ടാൻ ഉപയോഗിക്കുന്ന തരത്തിലുള്ള കത്തികൊണ്ടാണ് മുറിവേറ്റത്. കടയുടെ ഇടുങ്ങിയഭാഗത്ത് ചെടികൾക്കിടയിലാണ് മൃതദേഹം കണ്ടത്. പത്ത് മാസം മുമ്പാണ് വിനിത ഇവിടെ ജോലിക്ക് ചേർന്നത്.
Discussion about this post