പാരീസ്: സെമി ഫൈനൽ മത്സരത്തിന് മുൻപായി ശരീരഭാരം കുറക്കാനായി നടത്തിയത് കഠിനമായ വ്യയാമമാണെന്ന് വ്യക്തമാക്കി 57 കിലോ പുരുഷ ഗുസ്തിയിലെ ഇന്ത്യയുടെ വെങ്കല മെഡൽ ജേതാവ് അമൻ സെഹ്റാവത്ത്. പത്തുമണിക്കൂറിനകം 4.6 കിലോ ഗ്രാം കുറച്ചതായി മത്സരശേഷം താരം വ്യക്തമാക്കി. നേരത്തെ 100 ഗ്രാം അധിക ശരീരഭാരത്തിന്റെ പേരിൽ വനിതാ ഗുസ്തി ഫൈനലിന് തൊട്ടുമുൻപ് ഇന്ത്യയുടെ വിനേഷ് ഫോഗട്ടിന്റെ അയോഗ്യയാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അമൻ താൻ ഒറ്റരാത്രികൊണ്ട് 4.6 കിലോ കുറച്ചിട്ടാണ് സെമിയിൽ ഗോദയിൽ ഇറങ്ങിയതെന്ന് വ്യക്തമാക്കിയത്.
വ്യാഴാഴ്ച വൈകീട്ടോടെയാണ് അമൻ ജപ്പാൻ താരം റൈ ഹിഗൂച്ചിയോട് പരാജയപ്പെടുന്നത്. അതിനുശേഷം ശരീരഭാരം പരിശോധിച്ചപ്പോൾ അനുവദനീയമായതിലും 4 കിലോ കടുതലാണെന്ന് വ്യക്തമായി. സെമി തോറ്റെങ്കിലും വെങ്കല മെഡൽ പോരാട്ടത്തിൽ മത്സരിക്കേണ്ടതിനാൽ കഠിന വ്യായാമത്തിന്റെ സമയമായിരുന്നു പിന്നീട്. അമന്റെ പരിശീലന സംഘത്തിലുള്ള ജഗ്മന്ദർ സിംഗും വിരേന്ദർ ദഹിയയും നിർദേശങ്ങൾ നൽകി ഒപ്പംനിന്നു.
ഒന്നര മണിക്കൂർ മാറ്റ് സെഷനോടെയാണ് കഠിന വ്യായാമം തുടങ്ങിയത്. ഒരു മണിക്കൂർ ഹോട്ട് ബാത്തും നടത്തി. രാത്രി 12.30 ഓടെ ദീർഘനേരം ജിമ്മിലും ചെലവഴിച്ചു. അതു കഴിഞ്ഞ് അര മണിക്കൂർ വിശ്രമത്തിനുശേഷം അഞ്ച് മിനിട്ട് വീതമുള്ള സൗന ബാത്ത് സെഷനിലും പങ്കെടുത്തു. എന്നിട്ടും ഒരുകിലോയോളം അധികം ഭാരം. അർധ രാത്രിയിൽ ജോഗിങ് അടക്കം നടത്തിയതോടെ പുലർച്ചെയോടെ ശരീരശഭാരം 56.9 കിലോഗ്രാമിലെത്തി. അനുവദനീയമായതിലും 100 ഗ്രാം കുറവ്. എത്രത്തോളം കഠിനമായ ശ്രമങ്ങളിലൂടെയാണ് ശരീരഭാരം കുറച്ചതെന്ന് അമൻ സെഹ്റാവത്തിന്റെ വാക്കുകളിൽ വ്യക്തമായിരുന്നു. പരിശീലനത്തിനിടെ 21 കാരൻ ആകെ കഴിച്ചത് ലഘുപാനിയങ്ങൾ മാത്രമായിരുന്നു.
Discussion about this post