
പയ്യോളി: പതിനെട്ട് വർഷളായി ശബരിമല ദർശനം നടത്തുന്ന കർണാടക മംഗലാപുരം സ്വദേശിയും ഗുരുസ്വാമിയുമായ സന്ദീപ് ഷെട്ടിയുടെ കൂടെ ഈ വർഷം പുതിയൊരാൾ കൂടെയുണ്ട്. മാഹിയിൽ നിന്നും കൂടെക്കൂടിയ നായക്കുട്ടി. മല്ലി കൂടി എത്തിയതോടെ സംഘ സംഖ്യ 15 ആയി ഉയർന്നു.

ഡിസം. 21 നാണ് ഗുരുസ്വാമിയടക്കം പതിനാല് പേരടങ്ങുന്ന സംഘം സ്വദേശമായ മംഗലാപുരത്തു നിന്നും യാത്ര തിരിച്ചത്. സംഘം നടന്നാണ് ശബരിമല ദർശനത്തിനായി പോകുന്നത്. കേരളത്തിലെത്തിയ ഇവർ, മാഹിയിലൂടെ നടക്കവേ ഏറെയിണക്കം കാണിച്ച് നായക്കുട്ടിയും അനുഗമിക്കുകയായിരുന്നു.

കുറേ ദൂരം പിന്നിട്ടിട്ടും തിരിച്ചു പോകാതായതോടെ ഇവർ കഴിക്കുന്ന ഭക്ഷണവും വെള്ളവും നായക്കു കൂടി പങ്കിട്ടു. കൂടെക്കൂടിയ നായക്ക് പേരുമിട്ടു, മല്ലി.
18 വർഷങ്ങളായി ശബരിമല ദർശനം നടത്തി വരുന്ന സന്ദീപ് ഷെട്ടി നാല് വർഷമായി നടന്നാണ് ശബരിമല ദർശനത്തിനെത്തുന്നത്.


മംഗലാപുരത്ത് നിന്നും 20 -22 ദിവസങ്ങളാണ് ശബരിമലയിൽ എത്തുന്നതിനായി വേണ്ടതെന്ന് സംഘം പറയുന്നു. ജനുവരി എട്ടോടെ ശബരിമലയിൽ എത്തുമെന്നു കരുതുന്നതായും തുടർന്ന് ജ്യോതി ദർശനപുണ്യം നുകർന്ന് നാട്ടിലേക്ക് തിരിക്കുമെന്നും സ്വാമിമാർ പറഞ്ഞു.


Discussion about this post