അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗിയുടെ ശരീരത്തെ വൃണം പഴുത്ത് പുഴു അരിച്ചെന്ന് പരാതി. എരമല്ലൂർ എഴുപുന്ന പഞ്ചായത്ത് പതിനൊന്നാം വാർഡിൽ കട്ടേഴത്ത് കോളനിയിൽ ജ്യോതിഷിന്റെ ഭാര്യ ജാസ്മിൻ (21) ൻ്റെ ദേഹത്തെ മുറിവാണ് വലുതായി പഴുപ്പു കയറി പുഴു അരിച്ചത്.
കഴിഞ്ഞ ഏഴിന് ഇരുവരും ബൈക്കിൽ തുറവൂരിലേക്ക് പോകവെ ലോറി ബൈക്കിൽ തട്ടിയാണ് അപകടം ഉണ്ടായത്. ജാസ്മിൻ്റെ ഇടുപ്പ് എല്ലിനും ശരീരത്തിന്റെ പല ഭാഗങ്ങളിലും പരിക്കേറ്റിരുന്നു. തുറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എട്ടുമാസം ഗർഭിണി ആയിരുന്ന ജാസ്മിനെ എട്ടിന് സിസേറിയൻ ചെയ്ത് കുട്ടിയെ പുറത്തെടുത്തു. അപകടത്തിൽ കുഞ്ഞിന്റെ തലയ്ക്കും പരിക്കേറ്റതിനാൽ കുട്ടികളുടെ ഐ.സി.യുവിലേക്ക് കുഞ്ഞിനെ മാറ്റി. ജാസ്മിൻ്റെ ഇടുപ്പെല്ലിന് നാലു ശസ്ത്രക്രിയകൾ വേണമെന്നാണ് ഡോക്ടർമാർ പറഞ്ഞത്.16 ന് ആദ്യത്തെ ശസ്ത്രക്രിയ നടത്താനായി തീയേറ്ററിൽ കിടത്തിയപ്പോൾ ഡോക്ടർ ഇവരുടെ പിന്നിലെ മുറിവു കാണുകയും പുഴു അരിക്കുന്നുണ്ടെന്ന് കൂടെ നിന്ന ഹൗസ് സർജന്മാരോട് പറയുന്നത് ജാസ്മിൻ കേട്ടിരുന്നുവത്രെ.
ശസ്ത്രക്രിയക്കു ശേഷം പതിനെട്ടാം വാർഡിൽ പ്രവേശിപ്പിച്ച ജാസ്മിമിന് കടുത്ത വേദനയും പിൻഭാഗത്തെ മുറിവ് പഴുക്കുകയും ആയിരുന്നു. ഇതിന് ശേഷം മെയിൻ ഡോക്ടർ വാർഡിൽ പരിശോധനയ്ക്കായി എത്തിയിട്ടില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ഹൗസ് സർജന്മാർ വരുന്നുണ്ടെങ്കിലും അവരോട് പറഞ്ഞിട്ടും ശ്രദ്ധിക്കുന്നില്ലെന്നാണ് ജ്യോതിഷ് പറയുന്നത്. സൂപ്രണ്ട് ഡോ.സജീവ് ജോർജ് പുളിക്കലിനോട് പരാതി പറഞ്ഞിട്ടും പ്രയോജനമുണ്ടായില്ലെന്നും ഇവർ പറയുന്നു. മറ്റ് ആശുപത്രിയിലേക്ക് പോകണമെങ്കിൽ സ്വന്തം റിസ്ക്കിൽ പോകാനാണ് പരിശോധനയ്ക്ക് വാർഡിലെത്തുന്ന ജൂനിയർ ഡോക്ടർമാർ പറയുന്നതെന്നും ഭർത്താവ് ജ്യോതിഷ് പറയുന്നു. ജില്ലാ കളക്ടർക്ക് പരാതി നൽകുമെന്ന് ബന്ധുക്കൾ പറഞ്ഞു.
Discussion about this post