ആലപ്പുഴ: കള്ളനോട്ടുകളുമായി ആലപ്പുഴയില്‍ ഒരാള്‍ കൂടി പിടിയില്‍. ചാരുംമൂട് സ്വദേശി രഞ്ജിത്താണ് പൊലീസിന്റെ പിടിയിലായത്. നിലവില്‍ പിടിയിലായവരെല്ലാം കള്ളനോട്ട് സംഘത്തിലെ കണ്ണികള്‍ മാത്രമാണെന്നും കേസില്‍ വന്‍ റാക്കറ്റുകളുണ്ടെന്നും പൊലീസ് പറഞ്ഞു. ഈസ്റ്റ് കല്ലട മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ക്ലീറ്റസ്, താമരക്കുളം അക്ഷയ് നിവാസില്‍ ലേഖ എന്നിവരായിരുന്നു നേരത്തെ പൊലീസിന്റെ പിടിയിലായത്. കേസില്‍ കണ്ണികളായ
മറ്റുചിലര്‍ പൊലീസിന്റെ നിരീക്ഷണത്തിലാണെന്നാണ് റിപ്പോര്‍ട്ട്. സംഘം കല്യാണ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും അടക്കം 500 രൂപയുടെ കള്ളനോട്ട് മാറിയെടുക്കാന്‍ ശ്രമം നടത്തിയെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്താന്‍ സിഐ പി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടരുകയാണ്.കള്ളനോട്ട് നല്കി സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് സാധനങ്ങള്‍
വാങ്ങാന്‍ ശ്രമിക്കുന്നതിനിടെ ലേഖ പൊലീസിന്റെ പിടിയിലായതാണ് സംഘത്തെ കുടുക്കിയത്. 500 രൂപ നോട്ടില്‍ സംശയം തോന്നിയ സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തനിക്ക് നോട്ടുകള്‍ നല്‍കിയത് ക്ലീറ്റസാണെന്നായിരുന്നു ചോദ്യം ചെയ്യലില്‍ ലേഖ പറഞ്ഞത്. പിന്നാലെ ക്ലീറ്റസും പൊലീസിന്റെ പിടിയിലായി. ഇരുവരുടെയും വീടുകളില്‍ ഉള്‍പ്പടെ നടത്തിയ പരിശോധനയില്‍ കള്ളനോട്ടുകള്‍ കണ്ടെത്തിയിരുന്നു.
Discussion about this post