അങ്കമാലി: അങ്കമാലി- കാലടി റോഡിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. മിനിലോറി മറ്റൊരു വാഹനത്തിലിടിച്ചായിരുന്നു അപകടം. മിനിലോറിയുടെ ഇടതുവശത്തെ സീറ്റിൽ ഇരുന്ന ഉടമ കൂടിയായ എടപ്പാൾ സ്വദേശി പുത്തൻപള്ളി വീട്ടിൽ ഷാഫിയാണ് മരിച്ചത്. ഡ്രൈവർ പരിക്കൊന്നും ഇല്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. വേങ്ങൂർ സെന്റ് ജോർജ് ചാപ്പലിന് മുന്നിൽ ഇന്ന് പുലർച്ചെ നാലേമുക്കാലിനായിരുന്നു അപകടം.
എടപ്പാളിൽ നിന്നും തടി കയറ്റിക്കൊണ്ടുവന്ന 407 മിനിലോറി മുൻപിൽ പോയ നെല്ല് കയറ്റിക്കൊണ്ടുപോയ മറ്റൊരു വാഹനത്തിന്റെ പുറകിൽ ഇടിക്കുകയായിരുന്നു. നെല്ല് കയറ്റിപ്പോയ വാഹനം നിർത്താതെ പോയി.
വാഹനത്തിൽ കുടുങ്ങിക്കിടന്ന ഷാഫിയെ അങ്കമാലി അഗ്നിരക്ഷാസേന എത്തി ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് വാഹന ഭാഗങ്ങൾ മുറിച്ച് മാറ്റിയാണ് പുറത്തെടുത്തത്. ഉടൻ അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അങ്കമാലി അഗ്നിരക്ഷാ നിലയത്തിലെ അസി. സ്റ്റേഷൻ ഓഫീസർ കെ.എം അബ്ദുൾ നസീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Discussion about this post