സിനിമകൾ ചെയ്യുന്നത് തെലുങ്കിലാണെങ്കിലും മലയാളികൾ സ്വന്തമെന്നപോലെ ഏറ്റെടുത്ത താരമാണ് അല്ലു അർജുൻ. ചുരുങ്ങിയ ചിത്രങ്ങൾകൊണ്ടുതന്നെ കേരളത്തിൽ വലിയ ആരാധകവൃന്ദമാണ് അദ്ദേഹം സൃഷ്ടിച്ചത്. സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽനിന്നാണ് വരുന്നതെങ്കിലും തന്റെ കരിയറിന്റെ തുടക്കത്തിൽ വലിയ തിരിച്ചടികൾ നേരിട്ടിരുന്നെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം.
2003-ൽ കെ.രാഘവേന്ദ്ര റാവു സംവിധാനംചെയ്ത ഗംഗോത്രി എന്ന ചിത്രത്തിലൂടെയാണ് അല്ലു അർജുൻ വെള്ളിത്തിരയിൽ അരങ്ങേറ്റംകുറിച്ചത്. കേരളത്തിൽ ആര്യ എന്ന ചിത്രത്തിലൂടെയാണ് അല്ലു അർജുൻ സുപരിചിതനാവുന്നത്. സുകുമാർ സംവിധാനംചെയ്ത ഈ ചിത്രത്തിന്റെ 20-ാം വാർഷികം അടുത്തിടെ ഹൈദരാബാദിൽ ആഘോഷിച്ചിരുന്നു. ഈ ചടങ്ങിൽവെച്ച് ആദ്യചിത്രം ഹിറ്റായിട്ടും നല്ല സിനിമകൾ തന്നെ തേടിവന്നില്ലെന്ന അല്ലുവിന്റെ വാക്കുകൾ ചർച്ചയായിരിക്കുകയാണ്.
“എന്റെ ആദ്യസിനിമ ഗംഗോത്രി ഹിറ്റായിരുന്നു. പക്ഷേ കാണാൻ അത്ര ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും എന്നെ തേടി വന്നില്ല. ആ ചിത്രം ഒരു ബ്ലോക്ക്ബസ്റ്റർ ആയിരുന്നെങ്കിലും ഒരു കലാകാരനെന്ന നിലയിൽ സ്വയം അടയാളപ്പെടുത്താൻ കഴിയാതിരുന്നത് എൻ്റെ പരാജയമാണ്.“ അല്ലു അർജുൻ പറഞ്ഞു. ഗംഗോത്രി റിലീസിന് ശേഷം ഹൈദരാബാദിലെ ആർ.ടി.സി ക്രോസ് റോഡിൽ പുതിയ സിനിമകളും കണ്ട് കറങ്ങിനടക്കും. ഇതിനിടയിൽ തിരക്കഥകൾ കേൾക്കുന്നുണ്ടായിരുന്നെങ്കിലും ഒന്നും ശരിയായില്ലെന്നും അല്ലു അർജുൻ കൂട്ടിച്ചേർത്തു.
Discussion about this post