കോട്ടയം: യുവാവിനെ കപ്പലിൽ നിന്നും കാണാതായി. സൗത്ത് ആഫ്രിക്കയിൽ നിന്നും അമേരിക്കയിലേയ്ക്കുള്ള യാത്രയിലാണ് കപ്പലിൽ നിന്നും കാണാതായത്. കുറിച്ചി സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് കാട്ടി കപ്പൽ കമ്പനി അധികൃതരാണ് വിവരം ബന്ധുക്കളെ അറിയിച്ചത്. കുറിച്ചി ചെറുവേലിപ്പടിക്ക് സമീപം വലിയിടത്തറ വീട്ടിൽ ജസ്റ്റിൻ കുരുവിളയെ (30) യാണ് കാണാതായത്. സംഭവത്തിൽ ബന്ധുക്കൾ ചിങ്ങവനം പൊലീസിന് പരാതി നൽകി.
ഹോട്ടൽ മാനേജ്‌മെന്റ് പഠിച്ച ജസ്റ്റിൻ നാലു വർഷം മുൻപാണ് സ്ട്രീം അറ്റ്‌ലാൻന്റിക് എന്ന കപ്പലിൽ അസിസ്റ്റന്റ് കുക്കായി ജോലിയ്ക്ക് കയറിയത്. കഴിഞ്ഞ 31നാണ് സ്ട്രീം അറ്റ്‌ലാൻന്റിക് സൗത്ത് ആഫ്രിക്കയിലെ തീരത്തു നിന്നും യാത്ര പുറപ്പെട്ടത്. ഫെബ്രുവരി 23നാണ്
കപ്പൽ അമേരിക്കൻ തീരത്ത് എത്തിച്ചേരുന്നത്. ഈ യാത്രയ്ക്കിടയിൽ ജസ്റ്റിനെ കാണാതായി എന്നാണ് ബന്ധുക്കളെ ബുധനാഴ്ച രാവിലെ കപ്പൽ അധികൃതർ അറിയിച്ചത്. ജസ്റ്റിന്റെ സഹോദരനെ ആദ്യം ഫോണിൽ ബന്ധപ്പെട്ട് വിവരം അറിയിച്ചു. പിന്നാലെ ഉച്ചയോടെ വിവരം ഇ മെയിലിലും ലഭിച്ചു.
സംഭവം അറിഞ്ഞ ബന്ധുക്കൾ ഉടൻ തന്നെ ജില്ലാ പഞ്ചായത്ത് അംഗം പി.കെ വൈശാഖിനെ ബന്ധപ്പെടുകയും വൈശാഖ് എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, ശശി തരൂർ എന്നിവരുമായി ബന്ധപ്പെട്ടു. ഇതിനു ശേഷം ബന്ധുക്കൾ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എം.എൽ.എയ്ക്കും നിവേദനം നൽകി. വിഷയത്തിൽ കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയവുമായി ബന്ധപ്പെടാമെന്ന് ഉമ്മൻചാണ്ടി ഉറപ്പ് നൽകി. അഡ്വ.ജോബ് മൈക്കിൾ എം.എൽ.എയും സ്ഥലത്തെത്തി ബന്ധുക്കളെ നേരിൽ കണ്ട് ആശ്വസിപ്പിച്ചു.
കഴിഞ്ഞ ഞായറാഴ്ചയാണ് ജസ്റ്റിൻ അവസാനമായി ബന്ധുക്കളെ വിളിച്ചത്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ജസ്റ്റിനെപ്പറ്റി വിവരം ലഭിച്ചിരുന്നില്ല. ബുധനാഴ്ച പുലർച്ചെ ഏഴു മണിയോടെയാണ് ജസ്റ്റിനെ കാണാനില്ലെന്ന വിവരം പുറത്തുവന്നത്. ജസ്റ്റിന്റെ തിരോധാനം സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ലഭിക്കാൻ സംസ്ഥാന സർക്കാർ വിഷയത്തിൽ ഇടപെടണമെന്ന ആവശ്യമാണ് ഇപ്പോൾ ഉയർന്നിട്ടുള്ളത്.
Discussion about this post