കൊൽക്കത്ത: മമത ബാനർജിക്ക് കടുത്ത മറുപടിയുമായി കോൺഗ്രസ്സ് നേതാവ്. കോൺഗ്രസിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത മമത ബാനർജിക്കാണ് കോൺഗ്രസ് പശ്ചിമ ബംഗാൾ പ്രസിഡന്റ് അധീർ രഞ്ജൻ ചൗധരി ചുട്ട മറുപടി നൽകിയത്. അടുത്തിടെ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച അഞ്ച് സംസ്ഥാനങ്ങളിലും കോൺഗ്രസ് ദയനീയമായി തകർന്നടിഞ്ഞതോടെ കടുത്ത ഭാഷയിലാണ് മമത ബാനർജി കോൺഗ്രസ് പാർട്ടിയെ വിമർശിച്ചത്.
കോൺഗ്രസിന് വിശ്വാസ്യത നഷ്ടപ്പെടുന്നതായും, ബി ജെ പിക്കെതിരെ എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിച്ച് നിൽക്കണമെന്നും, ഇതിൽ കോൺഗ്രസിനെ ആശ്രയിക്കാൻ കഴിയില്ലെന്നുമാണ് മമത അഭിപ്രായപ്പെട്ടത്. എന്നാൽ മമതയെ ബി ജെ പിയുടെ ഏജന്റായിട്ടാണ് അധീർ രഞ്ജൻ ചൗധരി വിശേഷിപ്പിക്കുന്നത്.
കോൺഗ്രസ് പാർട്ടിയുടെ ഇന്ത്യയിലുടനീളമുള്ള സാന്നിദ്ധ്യം വിശദീകരിച്ച ചൗധരി, രാജ്യമെമ്പാടും കോൺഗ്രസിന് 700 എം എൽ എമാരുണ്ടെന്നും, പ്രതിപക്ഷത്തിന്റെ മൊത്തം വോട്ട് ഷെയറിൽ ഇരുപത് ശതമാനവും തങ്ങൾക്കാണെന്നും അവകാശപ്പെട്ടു. ഇതിൽ മമതയുടെ പാർട്ടിയുടെ അവസ്ഥ എന്താണെന്നും കോൺഗ്രസ് നേതാവ് പരിഹസിക്കുന്നു. കോൺഗ്രസിൽ നിന്നും വേർപിരിഞ്ഞ് 1997ൽ തൃണമൂൽ കോൺഗ്രസ് സ്ഥാപിച്ച മമതയെ, കോൺഗ്രസ് ഇല്ലായിരുന്നുവെങ്കിൽ അവർ രാഷ്ട്രീയമായി ജനിക്കില്ലായിരുന്നു എന്നാണ് ചൗധരി വിശേഷിപ്പിച്ചത്. മമത ഗോവയിൽ സ്ഥാനാർത്ഥികളെ നിർത്തിയത് ബി ജെ പിയെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടിയാണ്. ഗോവയിൽ മമതയുടെ പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനം കോൺഗ്രസിനെ ദുർബലപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post